വയനാട്: പ്രളയദുരിത ബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആര്‍.കെ.എല്‍.എസ് പദ്ധതിയുടെ ഭാഗമായി കൂടുതല്‍ തുക അനുവദിച്ചത് വയനാട്ടില്‍. കനറാ ബാങ്ക് പനമരം ശാഖയുടെ ആഭിമുഖ്യത്തില്‍ ഒരു കോടി രൂപയാണ് ഗുണഭോക്താക്കള്‍ക്ക് അനുവദിച്ചത്. സംസ്ഥാനത്ത് തന്നെ ഒരു ബാങ്കിന്റെ ബ്രാഞ്ച് അനുവദിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. നിലവില്‍ ഇതടക്കം ആകെ രണ്ടു കോടി രൂപ വായ്പയായി ജില്ലയില്‍ അനുവദിച്ചിട്ടുണ്ട്. റവന്യൂ വകുപ്പിന്റെ പതിനായിരം രൂപ ധനസഹായത്തിന് അര്‍ഹരായ കുടുംബങ്ങള്‍ക്കാണ് വായ്പ അനുവദിക്കുന്നത്. കുടുംബശ്രീ അംഗങ്ങളായവര്‍ക്കാണ് ആദ്യഘട്ടത്തില്‍ തുക അനുവദിക്കുക. ഒന്‍പതു ശതമാനമാണ് ബാങ്ക് പലിശ. ഈ തുക പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാര്‍ സബ്സിഡിയായി ഗുണഭോക്താക്കള്‍ക്ക് തിരിച്ചു നല്‍കും. പരമാവധി 10 ലക്ഷം രൂപയാണ് ഒരു അയല്‍കൂട്ടത്തിന് അനുവദിക്കുക. പനമരം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വായ്പ വിതരണം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. മോഹനന്‍ അദ്ധ്യക്ഷനായിരുന്നു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി. സാജിത പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈനി കൃഷ്ണന്‍, മെഹറുന്നീസ, കമല വിജയന്‍, ജുല്‍ന ഉസ്മാന്‍, എം.എ ചാക്കോ, ശാരദ അപ്പച്ചന്‍, ലിസി പത്രോസ്, സെബാസ്റ്റ്യന്‍, നബാര്‍ഡ് എ.ജി.എം രവീന്ദ്രന്‍, ലീഡ് ബാങ്ക് മാനേജര്‍ വിനോദ്, ബ്രാഞ്ച് മാനേജര്‍ ജിനീഷ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സുലോചന, വൈസ് ചെയര്‍പേഴ്സണ്‍ രാധാ രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.