കോഴിക്കോട്: ഈ വര്‍ഷത്തെ ഗാന്ധിജയന്തി വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഒക്‌ടോബര്‍ രണ്ടിന് രാവിലെ ഒമ്പതിന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ എരഞ്ഞിപ്പാലം നായനാര്‍ ബാലികാ സദനത്തില്‍ നിര്‍വഹിക്കും. പ്രളയാനന്തര പുനര്‍ നിര്‍മ്മാണം-പ്രകൃതി സംരക്ഷണം എന്ന ആശയം മുന്‍നിര്‍ത്തിയാണ് ഇത്തവണ പരിപാടികള്‍ സംഘടിപ്പിക്കുക. ജില്ലയില്‍ കുറഞ്ഞത് അയ്യായിരം പേരുടെ കര്‍മസേന ഉണ്ടാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുക. മഹാത്മാഗാന്ധിയുടെ ചിതാഭസ്മം സൂക്ഷിക്കുന്ന ബാലികാസദനം അങ്കണത്തില്‍ വൃക്ഷത്തൈകള്‍ നട്ടുകൊണ്ടാണ് ജില്ലാതല പരിപാടി ആരംഭിക്കുക. പ്രളയാനന്തര പുനര്‍നിര്‍മ്മാണം എന്ന വിഷയത്തില്‍ ബോധവല്‍കരണ ശില്‍പശാല റീജ്യണല്‍ ടൗണ്‍ പ്ലാനര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഴിക്കോട് ചാപ്റ്റര്‍ എന്നിവരുമായി ചേര്‍ന്ന് സംഘടിപ്പിക്കും. ദേശീയ പാത ആറു വരി ആക്കുന്നതിന്റെ ഭാഗമായി മുറിച്ചു മാറ്റപ്പെടുന്ന മരങ്ങള്‍ക്ക് പകരം പുതിയ വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കും. വൃക്ഷത്തൈ നടല്‍ പ്രവര്‍ത്തനത്തിന് വനംവകുപ്പ്, മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ്, മണ്ണ്‌സംരക്ഷണ ഓഫീസ് എന്നിവര്‍ നേതൃത്വം നല്‍കും.
എയ്ഞ്ചില്‍സും ജില്ലാ ദുരന്തനിവാരണ വിഭാഗവും ചേര്‍ന്ന് പ്രദേശിക ദുരന്ത നിവാരണ സേന രൂപീകരിച്ച് പരിശീലനം നല്‍കുന്ന മാതൃകാ പദ്ധതിക്ക് സംസ്ഥാനത്ത് ആദ്യമായി ജില്ലയില്‍ തുടക്കം കുറിക്കും. കനോലി കനാല്‍ നവീകരണത്തിന്റെ അടുത്തഘട്ടം കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗവും ടൂറിസം വകുപ്പും സംയുക്തമായി നടത്തും. ശുചിത്വ സന്ദേശം കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ ശുചിത്വ സാക്ഷരതാ സി.ഡി എല്ലാ വിദ്യാലയങ്ങളിലും പ്രദര്‍ശിപ്പിക്കും. ആരോഗ്യ പരിപാലന പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഏകോപിപ്പിക്കും. തകര്‍ന്ന റോഡുകള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയുടെ അറ്റകുറ്റപണികള്‍, ആരോഗ്യപരിപാലന പ്രവര്‍ത്തനങ്ങള്‍ നദി തീരങ്ങള്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രളയത്തിന്റെ വ്യാപ്തി മനസ്സിലാക്കാനുള്ള സര്‍വേ, ഫ്‌ലഡ് മാപ്പിങ്ങ് തുടങ്ങിയവ ബ്ലോക്ക് തലത്തില്‍ നടത്തും. ബ്ലോക്ക് തലത്തില്‍ നടത്തുന്ന പരിപാടികള്‍ എഡിസി ജനറല്‍ ഏകോപിപ്പിക്കും. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും പരിസരവും വാരാചരണത്തിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
തദ്ദേശസ്ഥാപനങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമവികസനം, ടൗണ്‍ പ്ലാനിംഗ്, കൃഷി, മൃഗസംരക്ഷണം ,സാമുഹിക നീതി പോലീസ് ശുചിത്വമിഷന്‍, ഹരിത കേരള മിഷന്‍ കുടുംബശ്രീ, നെഹ്‌റു യുവകേന്ദ്ര, സാക്ഷരതാ മിഷന്‍, യുവജന ക്ഷേമ ബോര്‍ഡ് തുടങ്ങിയവയും നിറവ്, ഗാന്ധിയന്‍ സംഘടനകള്‍ വിവിധ സന്നദ്ധ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരും സംയുക്തമായാണ് ഇക്കുറി പരിപാടികള്‍ നടത്തുക. മലാപ്പറമ്പ നായനാര്‍ ബാലികാസദനത്തില്‍ ശൂചീകരണ പരിപാടികളും ഗാന്ധിജിയുടെ ചിതാഭസ്മ പേടകത്തില്‍ ഹാരാര്‍പ്പണവും നടത്തും.