കോഴിക്കോട്: വടകര, ബാലുശ്ശേരി, പേരാമ്പ്ര കേന്ദ്രങ്ങളില്‍ എ.ബി.സി പ്രോജക്ട് വീണ്ടും സജീവമാക്കാന്‍ ജില്ലാപഞ്ചായത്ത് യോഗത്തില്‍ തീരുമാനം. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കാനും പേപ്പട്ടി ശല്യം രൂക്ഷമായ സാഹചര്യത്തില്‍ കാലതാമസം ഒഴിവാക്കുന്നതിന് സ്വകാര്യ ഏജന്‍സിയെ കൂടി പരിഗണിക്കാനും യോഗത്തില്‍ തീരുമാനിച്ചു. 2019-20 വാര്‍ഷിക പദ്ധതി അംഗീകരിച്ച് വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ ബോഡി ഒക്ടോബര്‍ മൂന്നാം തീയ്യതി നടത്താനും ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡന്റ് ബാബു പറശ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന   യോഗത്തില്‍  തീരുമാനിച്ചു. കണ്ണപ്പന്‍ കുണ്ട് പുഴയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കല്ലുകള്‍ നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടത് സുഗമമാക്കുന്നതിന് വേണ്ടി പാറ പൊട്ടിച്ച് നീക്കണമെന്നും പ്രളയത്തില്‍ പുഴയോരങ്ങള്‍ വ്യാപകമായി ഇടിഞ്ഞ് നാശനഷ്ടങ്ങള്‍ ഉണ്ടായത് പരിഹരിക്കാന്‍ റിവര്‍ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് സംരക്ഷിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.                                                                                                                                            ജില്ല പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പുറക്കാട്ടിരിയിലെ ചൈല്‍ഡ് & അഡോപ്ഷന്‍ കെയര്‍ സെന്ററിന്റെ സുഗമമായ നടത്തിപ്പിന് സ്പന്ദനം ചൈല്‍ഡ് ആന്റ് അഡോപ്ഷന്‍ കെയര്‍ എന്ന പേരില്‍ സൊസൈറ്റി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും ഡി.എം.ഒ (ആയുര്‍വേദം)സെക്രട്ടറിയായും രൂപീകരിച്ചു. യൂണിറ്റിന്റെ പ്രവര്‍ത്തനം സജീവമായി നടത്തുന്നതിന് വേണ്ടി എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഡോ. ശ്രീകുമാറിനെ നിയമിച്ചു. പഠനവൈകല്യം, ശാരീരിക വൈകല്യം എന്നിവ അനുഭവിക്കുന്നവര്‍ക്ക് സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി, ആയുര്‍വേദ ചികിത്സ തുടങ്ങിയവ ലഭ്യമാക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന മികച്ച പ്രൊജക്ടാണ് സ്പന്ദനം. സെക്രട്ടറി പി.ഡി ഫിലിപ്പ് , സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.ജി ജോര്‍ജ്ജ് മാസ്റ്റര്‍, മുക്കം മുഹമ്മദ്, പി.കെ സജിത, സുജാത മനക്കല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.