പുതുതലമുറയെ പ്രകൃതിദുരന്തങ്ങള്‍ നേരിടാന്‍ തയാറാക്കുന്ന ‘സജ്ജം- സുരക്ഷിതരാവാം, സുരക്ഷിതരാക്കാം’ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്ക് നല്‍കുന്ന പരിശീലനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. 16, 17, 23 തീയതികളിലായി ജില്ലയിലെ 14 സി.ഡി.എസുകളില്‍ സംഘടിപ്പിച്ച പരിശീലനങ്ങളില്‍ 671 കുട്ടികള്‍ പങ്കെടുത്തു. രണ്ട് മാസ്റ്റര്‍ പരിശീലകര്‍ മുഖേന 28 ജില്ലാതല റിസോഴ്‌സ് പെഴ്‌സണ്‍മാര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഇവര്‍ മുഖേനയാണ് ബാലസഭാംഗങ്ങള്‍ക്ക് പരിശീലനം നല്‍കിവരുന്നത്. വിവിധ ഘട്ടങ്ങളിലായി ഓണാവധിയോടെ 6000 ബാലസഭാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുകയാണ് ലക്ഷ്യം.

പ്രകൃതി, പരിസ്ഥിതി, ദുരന്താഘാത ലഘൂകരണം, അവകാശങ്ങളും ഉത്തരവാദിത്തങ്ങളും എന്നീ വിഷയങ്ങളില്‍ അവബോധം നല്‍കുന്നതിനൊപ്പം പ്രളയം, ഉരുള്‍പൊട്ടല്‍, വരള്‍ച്ച, മണ്ണിടിച്ചില്‍, കടല്‍ക്ഷോഭം തുടങ്ങി വിവിധ പ്രകൃതിദുരന്ത സാധ്യതകളെ അറിയുന്നതിനും നിലവിലെ ദുരന്തനിവാരണ സംവിധാനങ്ങളെ മനസിലാക്കുന്നതിനും കുട്ടികള്‍ക്ക് ഇതിലൂടെ അവസരമൊരുങ്ങും.

കാലാവസ്ഥാ വ്യതിയാനം കുട്ടികളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതുള്‍പ്പെടെ കുട്ടികള്‍ക്ക് സ്വയം മനസിലാക്കാനാവുന്ന തരം വിവിധ പ്രവര്‍ത്തനങ്ങളിലൂടെയാണ് പരിശീലനം. പരിശീലനം നേടിയ കുട്ടികള്‍ വഴി തുടര്‍ന്ന് മുതിര്‍ന്നവര്‍ക്കും അവബോധം നല്‍കും.