ജില്ലാതല ഓണാഘോഷം ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ രണ്ട്‌ വരെ: സംഘാടക സമിതി രൂപീകരിച്ചു


ജനങ്ങളുടെ ഐക്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാതല ഓണാഘോഷത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും വിപുലമായ ഓണാഘോഷ പരിപാടികളാണ് ജില്ലയിൽ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. ഉത്സവങ്ങളും ആഘോഷങ്ങളും മലബാറിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് തലസ്ഥാനനഗരിക്ക് പുറമേ കോഴിക്കോടും ഓണാഘോഷം സംഘടിപ്പിക്കുന്നത്. 2022 ലെ ഓണാഘോഷം ഉജ്ജ്വലമായ ജനകീയ കൂട്ടായ്മയുടെ ഉദാഹരണമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിലെ ജനങ്ങളുടെ ആതിഥേയ മര്യാദയും മതനിരപേക്ഷ മനസ്സും, മതസൗഹാർദ്ദ അന്തരീക്ഷവുമാണ് വിദേശ സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നത്. രാജ്യത്തിന് തന്നെ മാതൃകയാകുന്ന ആഘോഷമാണ് കേരളത്തിലെ ഓണാഘോഷം. ലോകമെമ്പാടുമുള്ള മുഴുവൻ മലയാളികളെയും ഒന്നിപ്പിച്ചുകൊണ്ട് വെർച്ച്വൽ ഓണപ്പൂക്കളമത്സരം ഈ വർഷവും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

യോഗത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് സംഘാടക സമിതി രൂപീകരിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, എം.ടി വാസുദേവൻ നായർ എന്നിവർ മുഖ്യ രക്ഷാധികാരികളും എം.പി മാരായ എം.കെ രാഘവൻ, കെ. മുരളീധരൻ, എളമരം കരീം, ബിനോയ് വിശ്വം, പി.ടി ഉഷ, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, ടി.പി രാമകൃഷ്ണൻ, പി.ടി.എ റഹീം, കെ.പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ, കാനത്തിൽ ജമീല, ഇ.കെ വിജയൻ, ഡോ എം.കെ മുനീർ, കെ.കെ രമ, ലിന്റോ ജോസഫ്, കെ.എം സച്ചിൻദേവ്, മേയർ ഡോ. ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി സതീദേവി, ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ ബിജു, ടൂറിസം ഡയറക്ടർ പി.ബി നൂഹ് എന്നിവർ രക്ഷാധികാരികളുമാണ്.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ചെയർമാനും, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ വർക്കിംഗ് ചെയർമാനും, ജില്ലാ കലക്ടർ എ. ഗീത ജനറൽ കൺവീനറുമാകും. ഡി ടി പി സി സെക്രട്ടറി നിഖിൽ ദാസ് റിപ്പോർട്ട് അവതരിപ്പിച്ചു.

എം എൽ എ മാരായ തോട്ടത്തിൽ രവീന്ദ്രൻ, പി ടി എ റഹീം, കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കെ.എം സച്ചിൻ ദേവ്, ലിന്റോ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ ശശി, ഡെപ്യൂട്ടി മേയർ സി.പി മുസാഫിർ അഹമ്മദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം.പി ശിവാനന്ദൻ, അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ, ഡി സി പി കെ.ഇ ബൈജു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സബ് കലക്ടർ വി ചെൽസാസിനി സ്വാഗതവും ടൂറിസം ജെ.ഡി ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.