ലൈംഗിക അതിക്രമങ്ങളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിന് നിലവിലുള്ള പോക്‌സോ ഉൾപ്പെടെയുള്ള നിയമങ്ങളെക്കുറിച്ചും അവയുടെ നിര്‍വ്വഹണത്തെക്കുറിച്ചും സമൂഹത്തെയും കുട്ടികളെയും ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ ഹയര്‍സെക്കൻഡറി, വൊക്കേഷണല്‍ ഹയർസെക്കൻഡറി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നു. ബാലപീഡനത്തിനെതിരെ ജാഗ്രത പുലര്‍ത്താനുള്ള ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ചാണ് വിദ്യാഭ്യാസ വകുപ്പ് സമഗ്രമായ പരിശീലന പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ജില്ലാ ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് സമഗ്ര ശിക്ഷാ കേരളം പദ്ധതി നടപ്പിലാക്കുന്നത്.
പീഡനത്തിന്റെ പരിധിയില്‍ വരുന്നത് എന്തൊക്കെ, ആരോടൊക്കെ റിപ്പോര്‍ട്ടു ചെയ്യാം തുടങ്ങിയ കാര്യങ്ങളില്‍ അവബോധമുണ്ടാക്കുക, അധ്യാപകരുമായി കാര്യങ്ങള്‍ തുറന്നു പറയാനുള്ള സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുക, പൊതുവിദ്യാലയങ്ങളിലും മറ്റിടങ്ങളിലും നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിരോധമാര്‍ഗങ്ങള്‍ പഠിപ്പിക്കുക എന്നിവയാണ് പരിശീലനം കൊണ്ടുദ്ദേശിക്കുന്നതെന്ന് എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.ഹയർസെക്കൻഡറി – വൊക്കേഷണല്‍ ഹയർസെക്കൻഡറി അധ്യാപകര്‍ക്കായുള്ള ജില്ലാതല ശില്പശാല നടക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ കോഴിക്കോട് സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ പി ബിജുരാജ് ഉദ്ഘാടനം ചെയ്തു. എസ് എസ് കെ കോഴിക്കോട് ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ ഡോ.എ.കെ അബ്ദുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഹയർസെക്കൻഡറി ജില്ലാ കോര്‍ഡിനേറ്റര്‍ മനോജ് കുമാര്‍, വൊക്കേഷണല്‍ ഹയർസെക്കൻഡറി പ്രിന്‍സിപ്പല്‍ ജലൂഷ്, കരിയര്‍ ഗൈഡന്‍സ് കോര്‍ഡിനേറ്റര്‍ ഹബീബ് റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി ജസ്റ്റിസ് ഷൈജലിന്റെ നേതൃത്വത്തില്‍ നടന്ന പരിശീലനത്തില്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായ മനോജ് കുമാര്‍, പ്രീതകുമാരി, സതീഷ് പി.കെ., ഷാജി, ദീപ, ജിഷാദ് എന്നിവര്‍ ക്ലാസ്സെടുത്തു. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എസ്. യമുന സ്വാഗതവും കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്‍സ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. പി.കെ ഷാജി നന്ദിയും പറഞ്ഞു.