ശുചിത്വ – മാലിന്യ സംസ്‌കരണ പദ്ധതികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് തൊഴിലുറപ്പ് പദ്ധതിയെ പ്രയോജനപ്പടുത്തണമെന്ന് തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉത്തര മേഖലാതല ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളിൽ തൊഴിലുറപ്പ് പദ്ധതിക്ക് വലിയ പങ്ക് നിർവഹിക്കാനാവും. സംസ്ഥാനം സമ്പൂർണ്ണ മാലിന്യ മുക്ത സംസ്ഥാനം എന്ന നേട്ടത്തിലേയ്ക്ക് ചുവട് വയ്ക്കുന്ന സാഹചര്യത്തിൽ പദ്ധതിയുടെ സാധ്യതകളെ ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ട്. ഗാർഹിക കമ്പോസ്റ്റ്, സോക് പിറ്റ് തുടങ്ങിയവ തൊഴിലുറപ്പ് പദ്ധതി വഴി നിർമിക്കുന്നത് പരിഗണിക്കണമെന്ന് മന്ത്രി പറഞ്ഞു.
രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ പദ്ധതി നിർവഹണം നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. 100 ദിവസം തൊഴിൽ ലഭിച്ച പട്ടികജാതി കുടുംബങ്ങളുടെ അനുപാതത്തിലും, സ്ത്രീകൾക്ക് നൽകിയ തൊഴിൽ ദിനങ്ങളിലും ജിയോ ടാഗിംഗിലും ഇന്ത്യയിൽ ഒന്നാമത് കേരളമാണ്.
സമഗ്രനീർത്തട പദ്ധതിയും കാർഷിക കുളങ്ങൾ നിർമ്മിക്കുന്നതും തൊഴിലുറപ്പ് പദ്ധതി മുഖേന നടപ്പാക്കും. പച്ചത്തുരുത്തുകളുടെ പരിപാലനത്തിലും കൂടുതൽ പച്ചത്തുരുത്തുകൾ സൃഷ്ടിക്കാനും തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗപ്പെടുത്താൻ കഴിയണം. വാർഡ് അടിസ്ഥാനത്തിൽ എം.സി.എഫുകളും മിനി എം.സി.എഫുകളും തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച് നൽകണമെന്നും മന്ത്രി പറഞ്ഞു.
എരഞ്ഞിപ്പാലം ആശിർവാദ് ലോൺസ് കൺവെൻഷൻ സെന്ററിൽ നടന്ന യോഗത്തിൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരാണ് പങ്കെടുത്തത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ എ നിസാമുദ്ദീൻ അധ്യക്ഷനായി. പ്രോഗ്രാം ഓഫീസർ പി ബാലചന്ദ്രൻ നായർ പദ്ധതി വിശദീകരണം നടത്തി. നവകേരള കർമ്മ പരിപാടി സ്റ്റേറ്റ് കോർഡിനേറ്റർ ടി.എൻ സീമ, സോഷ്യൽ ഓഡിറ്റ് ഡയറക്ടർ ഡോ. എൻ. രമാകാന്തൻ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.കെ രാജീവൻ എന്നിവർ സംസാരിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ രവിരാജ് ആർ സ്വാഗതവും അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണർ നന്ദന എസ് പിള്ളൈ നന്ദിയും പറഞ്ഞു.