പൊതു-സ്വകാര്യ ഇടങ്ങളിൽ അതിക്രമങ്ങൾക്ക് വിധേയരാകുന്ന വനിതകൾക്കായുള്ള സഖി വൺ സ്റ്റോപ്പ് സെന്റർ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉഴവൂരിൽ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അതിക്രമങ്ങൾ നേരിടുന്നതിനും തടയുന്നതിനുമായി സംസ്ഥാനത്ത് ഒട്ടേറെ സംവിധാനങ്ങളുണ്ടെന്നും അതിൽ ഏറ്റവും പ്രധാനപെട്ടതാണ് സഖിയെന്നും അദ്ദേഹം പറഞ്ഞു.

2024 ഓടെ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും ഇതിന്റെ പ്രവർത്തനം വ്യാപിപ്പിക്കാനാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ലക്ഷ്യമിടുന്നത്. വാർത്തമാനകാല സമൂഹത്തിൽ സ്ത്രീകൾ നിരവധി അതിക്രമങ്ങൾ നേരിടുന്നുണ്ട്. സ്ത്രീ സമൂഹത്തിന്റെ ശാക്തീകരണ പ്രവർത്തനങ്ങൾ ഇനിയും മുന്നോട്ടു പോകാനുണ്ട്.

കുടുംബശ്രീ പോലെയുള്ളവയുടെ പ്രവർത്തനങ്ങൾ ലോകരാജ്യങ്ങൾക്ക് മാതൃകയാണെന്നും സ്ത്രീകൾക്ക് പൊതുസമൂഹത്തിലേയ്ക്ക് ഇറങ്ങി വരാനും തങ്ങളുടെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാനും കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും മാറ്റം വരേണ്ട പലതും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ആ തെറ്റായ കാഴ്ചപ്പാടുകൾ നിലനിൽക്കുന്നിടത്തോളം സഖി പോലെയുള്ള സങ്കേതങ്ങൾ അവർക്ക് സജ്ജമാക്കി കൊടുക്കുക എന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി. വിശിഷ്ടാതിഥിയായി. വനിതാ പ്രൊട്ടക്ഷൻ ഓഫീസർ എം.വി. സുനിത റിപ്പോർട്ട് അവതരിപ്പിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ, വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ജില്ലാ പഞ്ചായത്തംഗങ്ങളായ നിർമല ജിമ്മി, പി.എം. മാത്യൂ, ജോസ് പുത്തൻകാല, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സ്മിതി അധ്യക്ഷരായ പി.സി. കുര്യൻ, കൊച്ചുറാണി സൊബസ്റ്റിയൻ, ബ്ലോക്ക്് പഞ്ചായത്തംഗങ്ങളായ രാജു ജോൺ, സിൻസി മാത്യൂ, പഞ്ചായത്തംഗം സന്ധ്യ സജികുമാർ, ഉഴവൂർ ബ്ലോക്ക്് ഡവലപ്‌മെന്റ് ഓഫീസർ ജോഷി ജോസഫ്, ഉഴവൂർ സി.ഡി.പി.ഒ. റ്റിൻസി രാമകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിനു സമീപം താത്കാലിക കെട്ടിടത്തിലാണ് വൺ സ്റ്റോപ്പ് സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കെട്ടിടമാണ് കോട്ടയം ജില്ലയിലെ സഖി കേന്ദ്രത്തിനായി വിട്ടു നൽകിയിരിക്കുന്നത്. സഖി കേന്ദ്രത്തിന് സുരക്ഷ സംവിധാനങ്ങളും ഓഫീസ് സൗകര്യങ്ങളും ഒരുക്കുന്നതിനായി അഞ്ചു ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് വിനിയോഗിച്ചിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ വനിതാ-ശിശുവികസന വകുപ്പിന്റെ മേൽനോട്ടത്തിൽ ജില്ലാകളക്ടർ അധ്യക്ഷനായ സമിതിയാണ് സഖി വൺ സ്റ്റോപ്പ് സെന്ററിന് നേതൃത്വം നൽകുന്നത്. അതിക്രമങ്ങൾ നേരിട്ടവർക്ക് അഞ്ചു ദിവസം വരെ സഖി കേന്ദ്രത്തിൽ താമസിക്കാം. സഖി- വൺ സ്റ്റോപ്പ് സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. വനിത ഓഫീസർക്കാണ് കേന്ദ്രത്തിന്റെ ചുമതല. കൗൺസിലർ, ഡോക്ടർ, പോലീസ്,അഭിഭാഷകർ,വനിതാ പ്രൊട്ടക്ഷൻ ഓഫീസർ തുടങ്ങിയവരുടെ സേവനവും ലഭിക്കും. പോലീസ്, കോടതി നടപടികൾക്കായി ആവശ്യമെങ്കിൽ വീഡിയോ കോൺഫറൻസ് സൗകര്യവും സെന്ററിൽ ഏർപ്പെടുത്തും.