കേരളത്തിലെ നാഷണൽ ഹെൽത്ത് മിഷൻ ജീവനക്കാർക്കുള്ള ശമ്പള പരിഷ്‌കരണം അംഗീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജീവനക്കാരുടെ ദീർഘനാളായുള്ള ആവശ്യമാണ് ഈ സർക്കാർ തീരുമാനത്തോടെ യാഥാർത്ഥ്യമായത്. 12,500ൽപ്പരം വരുന്ന എൻ.എച്ച്.എം. ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എൻ.എച്ച്.എമ്മിന് കീഴിലുള്ള എല്ലാ കരാർ ജീവനക്കാരും നിശ്ചിത ബോണസിന് അർഹരാണ്. 30,000 രൂപയോ അതിൽ കൂടുതലോ മാസ ശമ്പളമുള്ള നിലവിലുള്ള ജീവനക്കാർക്ക് 15 ശതമാനം ഗുണന ഘടകം കണക്കാക്കുകയും നിലവിലുള്ള ശമ്പളത്തോടൊപ്പം നിശ്ചിത ബോണസായി ചേർക്കുകയും ചെയ്യും. കുറഞ്ഞത് 6000 രൂപ വർധനവുണ്ടാകും. 30,000 രൂപയിൽ താഴെ മാസ ശമ്പളമുള്ള നിലവിലെ ജീവനക്കാർക്ക് 20 ശതമാനം ഗുണന ഘടകം കണക്കാക്കി നിലവിലുള്ള ശമ്പളത്തിനൊപ്പം നിശ്ചിത ബോണസായി നൽകും.

2023 ജൂൺ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്‌കരണം വരിക. 2023-24 സാമ്പത്തിക വർഷം 5 ശതമാനം ഇൻക്രിമെന്റിന് ജീവനക്കാർക്ക് അർഹതയുണ്ട്. ഓരോ തസ്തികയുടെയും മിനിമം വേതനത്തിനുള്ള ഉത്തരവ് പ്രത്യേകം പുറപ്പെടുവിക്കും.