കൊച്ചി: മൂവാറ്റുപുഴ ടൗണ്‍ വികസനത്തിന്റെ ഭാഗമായി നിലവില്‍ പണം നല്‍കിയവരുടെ സ്ഥലം ഏറ്റെടുക്കല്‍ ഒക്ടോബര്‍ 20ന് ആരംഭിക്കും. കഴിഞ്ഞ ആഗസ്റ്റ് 16ന് സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കുന്നതിനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ മൂവാറ്റുപുഴയിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് മുടങ്ങിയ ടൗണ്‍ വികസനമാണ് 20-ന് ആരംഭിക്കുന്നത്.
സ്ഥലമേറ്റെടുക്കുന്നതിന് കെ.എസ്.ടി.പിയില്‍ നിന്നും 2.75 കോടി രൂപകൂടി എല്‍.എ തഹസീല്‍ദാര്‍ക്ക് കൈമാറി. പണം നല്‍കിയ 83 പേരുടെ സ്ഥലമേറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കാണ് 20-ന് തുടക്കമാകുന്നത്. സര്‍ക്കാര്‍ അംഗീകരിച്ച ആര്‍.ആര്‍.പാക്കേജ് പ്രകാരമുള്ള നഷ്ടപരിഹാര വിതരണവും നേരത്തെ പൂര്‍ത്തിയായിരുന്നു. പൊളിച്ച് മാറ്റപ്പെടുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്കും, തൊഴിലാളികള്‍ക്കും റവന്യൂ വകുപ്പ് തയ്യാറാക്കിയ 20.60 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി വിതരണം ചെയ്തത്. സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുന്നതിന് കെ.എസ്.ടി.പി.യില്‍ നിന്നും 15 ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. ഇതിന്റെ ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായി വരികയാണ്.
മൂവാറ്റുപുഴ ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് പണം നല്‍കി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുന്നതിന് ഉടമകള്‍ക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഇനിയും പൊളിച്ച് മാറ്റാത്തവരുടെ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റി സ്ഥലമേറ്റെടുക്കുന്നതിനുള്ള ചിലവിലേയ്ക്കാണ് കെ.എസ്.ടി.പിയില്‍ നിന്നും 15 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് 39.25 കോടി രൂപയുടെ ഡീറ്റേല്‍ഡ് പ്രൊജക്ട് കിഫ്ബി പരിഗണക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് 83 പേരുടെ ഭൂമി പണം നല്‍കി ഏറ്റെടുത്തുകഴിഞ്ഞു. 52 പേരുടെ ഭൂമി ഏറ്റെടുക്കുന്നതിനും, ഏറ്റെടുത്ത സ്ഥലത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമാണ് പൊതുമരാമത്ത് റോഡ്സ് വിഭാഗം 39.25 കോടി രൂപയുടെ ഡിറ്റേല്‍ഡ് പ്രജക്ട് തയ്യാറാക്കി കിഫ്ബിയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്. അടുത്ത കിഫ്ബി യോഗത്തില്‍ ഇതിന് അനുമതിയാകുമെന്ന് എം.എല്‍.എ എല്‍ദോ എബ്രഹാം പറഞ്ഞു.
ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വ്യാപാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ കാലതാമസം വരുത്താതെ ചെയ്ത് തീര്‍ക്കും. ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് ചില സ്ഥലങ്ങളില്‍ ഭൂമി പരിവര്‍ത്തനം ചെയ്യേണ്ടതുണ്ട്. ഇതിനായി മൂവാറ്റുപുഴ കൃഷി ഓഫീസറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അഗ്രികള്‍ച്ചറല്‍ പ്രോഡക്ഷന്‍ കമ്മീഷണറുടെ പരിഗണനയിലാണ്.ഇതിനും ഇതോടൊപ്പം അനുമതി ലഭിക്കുമെന്നും ടൗണ്‍ വികസനം വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങളാണ് നടന്ന് വരുന്നതെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.