കൊച്ചി: ചേരാം ചേരാനെല്ലൂരിനൊപ്പം പദ്ധതിയില്‍ രണ്ടാമത്തെ വീടിന് ശശി തരൂര്‍ എം പി തറക്കല്ലിട്ടു. പ്രളയം തകര്‍ത്തെറിഞ്ഞ ചേരാനെല്ലൂര്‍ ഗ്രാമപഞ്ചായത്തിനെ പുനര്‍നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ ഹൈബി ഈഡന്‍ എം.എല്‍.എ നടപ്പിലാക്കുന്ന ചേരാം ചേരാനല്ലൂരിനൊപ്പം പദ്ധതിയുടെ ഭാഗമായുള്ള തണല്‍  ഭവന പദ്ധതിയിലെ രണ്ടാമത്തെ വീടിനാണ്  തറക്കല്ലിട്ടത്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു കഴിഞ്ഞ പ്രളയം. എന്നാല്‍ അതിവേഗം ഈ പ്രതിസന്ധിയെ തരണം ചെയ്യുന്നതിനുള്ള മലയാളിയുടെ സഹായ സഹകരണ മനോഭാവത്തെ ഡോ.ശശി തരൂര്‍ എം.പി അഭിനന്ദിച്ചു. ഈ മനോഭാവം തുടര്‍ന്നും  ഉണ്ടാകണം.  ദുരിത ബാധിതരായ ജനങ്ങളുടെ  ആവശ്യം ഇന്നാണ്. അതിന് നാം ഒന്നിച്ച് കൈകോര്‍ക്കണം.  ചേരാനെല്ലൂരിന്റെ പുതിയ ഭാവിക്കായുള്ള വിവിധ സന്നദ്ധ സംഘടനകളുടെ ഒത്തുചേരല്‍ നവകേരള നിര്‍മ്മാണത്തിന് ശുഭാപ്തി വിശ്വാസം പകരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രളയത്തെ തുടര്‍ന്ന് വാസയോഗ്യമല്ലാത്ത വീടുകള്‍ പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി കഴിഞ്ഞ ആഴ്ച്ചയാണ് ഹൈബി ഈഡന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ആരംഭിച്ചത്. റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബലിന്റെ സഹകരണത്തോടെയാണ് രണ്ടാമത്തെ വീടും നിര്‍മ്മിക്കുന്നത്. ചേരാനല്ലൂര്‍ കച്ചേരിപ്പടി മോളത്ത് റോഡിന് സമീപം താമസിക്കുന്ന മണി കുഞ്ഞനാണ് എം.എല്‍ .എയുടെ ഭവന പദ്ധതി പ്രകാരം വീട് വച്ച് നല്കുന്നത്. വിധവയായ മണിയും അവിവാഹിതരായ രണ്ട് മക്കളുമാണ് ഇവിടെ താമസിച്ചിക്കുന്നത്. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ഇവരുടെ അവസ്ഥ പരിഗണിച്ചാണ് രണ്ടാമത്തെ വീടായി ഇത് തിരഞ്ഞെടുത്തത്. വീടിന്റെ തറ ഇടിഞ്ഞ് ഭിത്തികളില്‍ വിള്ളല്‍  വീണതിനെ തുടര്‍ന്ന് അപകടാവസ്ഥയിലായിരുന്നു ഇവരുടെ വീട്. മണി കുഞ്ഞന്റെ വീടിനോട് ചേര്‍ന്നുള്ള കോരമംഗലത്ത് ജോര്‍ജിന്റെ വീടിന്റെ പുനരുദ്ധാരണവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഹൈബി ഈഡന്‍ എം.എല്‍ .എ പറഞ്ഞു. പ്രളയത്തില്‍   തകര്‍ന്ന പരമാവധി വീടുകള്‍ എത്രയും പെട്ടെന്ന് പുനര്‍നിര്‍മ്മിക്കുമെന്നും അടുത്ത ആഴ്ച്ച രണ്ട് വീടുകള്‍ക്ക് കൂടെ തറക്കല്ലിടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യ വീട് രണ്ടാം വാര്‍ഡിലെ ഗോഡൗണ്‍ റോഡില്‍  നിര്‍മ്മാണം പുരോഗമിച്ച് വരികയാണ്.
വീട് നിര്‍മ്മാണത്തിനുള്ള തുകയുടെ ആദ്യ ഗഡു റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബല്‍  ഭാരവാഹികള്‍ മണി കുഞ്ഞനു കൈമാറി. ചടങ്ങില്‍ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. ആന്റണി, ചേരാനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു, വൈസ് പ്രസിഡന്റ് സി.കെ രാജു, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസി വാര്യത്ത്, മെമ്പര്‍ ഷിമ്മി ഫ്രാന്‍സിസ്, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബല്‍  പ്രസിഡന്റ് അഡ്വ.പീയൂസ് എ കോട്ടം, ഡോ. തോമസ് മാത്യു, ഇ.പി ജോര്‍ജ്, ജോര്‍ജ് തോമസ്, ബിനൂപ് പോള്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.