കൊച്ചി: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകളുടെ നവീകരണത്തിന് പൊതുമരാമത്ത് വകുപ്പില്‍ നിന്നും 33.40-ലക്ഷം രൂപ അനുവദിച്ചു. വാളകം ഗ്രാമപഞ്ചായത്തിലെ അമ്പലംപടി-റാക്കാട് റോഡിന് 15.40 ലക്ഷം രൂപയും, പായിപ്ര ഗ്രാമപഞ്ചായത്തിലെ അമ്പലംപടി- വീട്ടൂര്‍ റോഡിലെ പേഴയ്ക്കാപ്പിള്ളി മുതല്‍ വീട്ടൂര്‍ ഭാഗത്തെക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണിക്കായി 18 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
ടെഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.നിയോജകമണ്ഡലത്തില്‍ കാലവര്‍ഷത്തെ തുടര്‍ന്ന് തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് 2.50 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ഇതിന് പുറമേ നേരത്തെ ഫണ്ട് അനുവദിച്ചിട്ടും നിര്‍മ്മാണം മുടങ്ങി കിടന്ന മാറാടി-മണ്ണത്തൂര്‍ റോഡ്, വാളകം-മണ്ണൂര്‍ റോഡ് അടക്കമുള്ള റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കുമെന്നും, നിയോജക മണ്ഡലത്തിലെ നിരവധി ഗ്രാമീണ റോഡുകള്‍ കാലവര്‍ഷത്തെ തുടര്‍ന്ന് തകര്‍ന്നിട്ടുണ്ടന്നും, ഇവയുടെ അറ്റകുറ്റപ്പണികള്‍ക്ക് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ച് വരികയാണന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
മൂവാറ്റുപുഴ ടൗണില്‍ നിത്യവും കുഴി രൂപപ്പെടുന്ന വെള്ളൂര്‍കുന്നം, നെഹ്രുപാര്‍ക്ക് ഭാഗത്ത് ടൈല്‍ വിരിയ്ക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. കക്കടാശ്ശേരി-കാളിയാര്‍ റോഡിലെ ഏനാനല്ലൂര്‍ വില്ലേജ് ഓഫീസിന് മുന്നിലെ വെള്ളകെട്ട് മൂലം റോഡ് തകരുന്നത് പതിവായിരുന്നു. ഇതിന് പരിഹാരമായി ഇവിടെ റോഡിലെ കട്ടവിരിയ്ക്കല്‍ പൂര്‍ത്തിയായി. ഈ റോഡിലെ കടവൂര്‍ ജംഗ്ഷനിലെ വെള്ളകെട്ടിന് പരിഹാരം കാണുന്നതിന് കട്ട വിരിയ്ക്കലും ഇന്ന് പൂര്‍ത്തിയാകും. ഇത് കൂടാതെ കക്കടാശ്ശേരി-കാളിയാര്‍ റോഡിലെ വിവിധ സ്ഥലങ്ങളിലെ വെള്ളകെട്ടിന് പരിഹാരം കാണുന്നതിന് കട്ടവിരിക്കുന്നതിനായി 16ലക്ഷം രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായും, റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി അനുവദിച്ച 10ലക്ഷം രൂപയുടെ ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായതായും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.