ചാവക്കാട് കോടതിയുടെ പുതിയ സമുച്ചയ നിർമ്മാണോദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. പുതിയ കോടതി സമുച്ചയം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. നല്ല രീതിയിൽ സിവിൽ നിർമ്മാണം പൂർത്തീകരിച്ച സർക്കാർ കെട്ടിടങ്ങളിൽ ഇലക്ട്രിക്കൽ പ്രവൃത്തിക്കായി പൊളിക്കുന്നത് ഒഴിവാക്കുമെന്നും മന്ത്രി ആവർത്തിച്ചു. ദീർഘ നാളത്തെ പ്രശ്ന പരിഹാരത്തിനായി സർക്കാർ അതിനു വേണ്ടി സംയുക്ത കരാർ ഏർപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.
37.9 കോടി രൂപ ചെലവില്‍ 50084 സ്ക്വയര്‍ ഫീറ്റില്‍ 5 നിലകളിൽ ഭിന്നശേഷി സൗഹ്യദമായാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ജെ.എഫ്.സി.എം കോടതി, പോക്സോ കോടതി, മുന്‍സിഫ് കോടതി, സബ് കോടതി ഉൾപ്പെടെ ഉൾകൊള്ളുന്ന രീതിയിലാണ് കെട്ടിടം രൂപകല്പന ചെയ്തിട്ടുള്ളത്.
ഭാവിയിൽ കൂടുതൽ കോടതികൾ കൂടെ ഉൾക്കൊള്ളാനും സാധിക്കും. ബാര്‍ അസോസിയേഷന്‍ ഹാള്‍, ക്ലാര്‍ക്ക് അസോസിയേഷന്‍ ഹാള്‍, എന്നിവയും കെട്ടിടത്തിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലപ്പുറം മഞ്ചേരിയിലെ നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മ്മാണ ചുമതല. 2025 ജനുവരി മാസത്തില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഹൈക്കോടതി ജഡ്ജി പി ബി സുരേഷ് കുമാര്‍ തറക്കല്ലിടല്‍ ചടങ്ങ് നിർവ്വഹിച്ചു. എൻ കെ അക്ബർ എം എൽ എ അധ്യക്ഷനായി. ടി എൻ പ്രതാപൻ എംപി മുഖ്യപ്രഭാഷണം നടത്തി.ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് അന്യാസ് തയ്യിൽ, തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മഞ്ജിത്ത്, ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, ചാവക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റ് സിജു മുട്ടത്ത് , ചാവക്കാട് ഗവ.പ്ലീഡർ കെ ആർ രഞ്ജിത്ത് കുമാർ, അഡ്വക്കേറ്റ്സ് ക്ലർക്ക് അസോസിയേഷൻ പ്രസിഡന്റ് എ സുകുമാരൻ, വാർഡ് കൗൺസിലർ കെ വി സത്താർ, അഭിഭാഷകർ, കോടതി ജീവനക്കാർ, നഗരസഭാംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പിൽ ജില്ലാ സെഷൻസ് ജഡ്ജ് ജി ഗിരീഷ് സ്വാഗതവും ബാർ അസോസിയേഷൻ സെക്രട്ടറി ഷൈൻ മനയിൽ നന്ദിയും പറഞ്ഞു.
135 വർഷത്തോളം പഴക്കംചെന്ന ചാവക്കാട് കോടതി ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ്. കേരള ഹൈക്കോടതിയുടെ സ്വന്തം ഉടമസ്ഥതയിലുള്ള നാല് ഏക്കർ സ്ഥലത്താണ് നിലവിൽ ചാവക്കാട് കോടതി സ്ഥിതി ചെയ്യുന്നത്. കോടതി അങ്കണത്തിൽ ഒരു മജിസ്ട്രേറ്റ് കോടതിയും ഒരു മുൻസിഫ് കോടതിയും ഒരു സബ് കോടതിയും പ്രവർത്തിക്കുന്നുണ്ട്. സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ ബാർ അസോസിയേഷൻ കെട്ടിടം കോടതി പ്രവർത്തനത്തിനായി വിട്ടുകൊടുത്തതിലാണ് സബ് കോടതി പ്രവർത്തിക്കുന്നത്. ഏറ്റവും വലിയ അധികാരപരിധിയിലുള്ള കോടതികളിൽ ഒന്നാണ് ചാവക്കാട് മുൻസിഫ് കോടതി.