സാവിത്രിഭായ് ഫൂലെ മെമ്മോറിയില്‍ ആശ്രമം സ്‌കൂള്‍ ശിലാസ്ഥാപനം മന്ത്രി നിര്‍വ്വഹിച്ചു

മാതൃക സഹവാസ വിദ്യാലയങ്ങള്‍ സ്ഥാപിച്ചതിന്റെ ഗുണഫലം സംസ്ഥാനത്തെ പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖലയിലെ കുട്ടികള്‍ക്ക് ലഭിച്ചതിന്റെ നേട്ടമാണ്എല്ലാ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും ഇത്തവണ എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷകളില്‍ അഭിമാനകരമായ വിജയം കൈവരിക്കാന്‍ കഴിഞ്ഞതെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമം, ദേവസ്വം, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് വലിയ പാറയില്‍ നിര്‍മ്മിക്കുന്ന സാവിത്രിഭായ് ഫൂലെ മെമ്മോറിയല്‍ ആശ്രമം സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പഠനവും സാമൂഹ്യ അംഗീകാരവും ലഭിക്കാതെ പോയ സമൂഹത്തെ മികച്ച വിദ്യാഭ്യാസം നല്‍കി മുഖ്യധാരയില്‍ കൊണ്ടുവരാന്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ വഴി കഴിഞ്ഞതായും മന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് 32 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ മെച്ചപ്പെട്ട ഭൗതികസാഹചര്യത്തില്‍ പഠിച്ചു മുന്നേറണമെന്നും അറിവ് കുറഞ്ഞാല്‍ സമൂഹത്തിന്റ് വളര്‍ച്ചയും ഇല്ലാതാകും എന്നും അദ്ദേഹം പറഞ്ഞു.

സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. വലിയപാറയില്‍ അനുവദിച്ച പത്തേക്കര്‍ ഭൂമിയിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ഏഴരക്കോടി രൂപയാണ് നിലവില്‍ ഇതിനായി ഭരണാനുമതി ലഭിച്ചിട്ടുള്ളത്. 2017 മുതല്‍ കുണ്ടംകുഴിയില്‍ ബേഡഡുക്ക പ്രീമെട്രിക് ഹോസ്റ്റലിന് അനുവദിച്ച കെട്ടിടത്തിലാണ് ആശ്രമം സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രമണി, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.മുരളി പയ്യങ്ങാനം, ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.മാധവന്‍, പഞ്ചായത്തംഗം എം.തമ്പാന്‍, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി സി.രാമചന്ദ്രന്‍, സംസ്ഥാന പട്ടിക വര്‍ഗ്ഗ ഉപദേശക സമിതിയംഗം ഗോപി കുതിരക്കല്ല്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.അനന്തന്‍, രാജേന്ദ്രന്‍ മൊട്ടമ്മല്‍, കെ.കുഞ്ഞിരാമന്‍, കെ.ബാലകൃഷ്ണന്‍, പരപ്പ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അപര്‍ണ എന്നിവര്‍ സംസാരിച്ചു. പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കൃഷ്ണ പ്രകാശ് സ്വാഗതവും ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫിസര്‍ എം.മല്ലിക നന്ദിയും പറഞ്ഞു.

ഫോട്ടോ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് വലിയ പാറയില്‍ നിര്‍മ്മിക്കുന്ന സാവിത്രിഭായ് ഫൂലെ മെമ്മോറിയല്‍ ആശ്രമം സ്‌കൂള്‍ നിര്‍മ്മാണ പ്രവര്‍ത്തിയുടെ ശിലാസ്ഥാപനം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗക്ഷേമം, ദേവസ്വം, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു