*മുതലപ്പൊഴിയിൽ അപകടം ഒഴിവാക്കാൻ 10 അടിയന്തര നടപടികളുമായി സർക്കാർ


മുതലപ്പൊഴിയിൽ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികളുമായി സംസ്ഥാന സർക്കാർ.  തിങ്കളാഴ്ച  അദാനി കമ്പനി പ്രതിനിധികളുമായും രാഷ്ട്രീയ, ട്രേഡ് യൂണിയൻ സംഘടനകളുമായും മന്ത്രിമാരായ സജി ചെറിയാൻ, വി ശിവൻകുട്ടി, ആന്റണി രാജു എന്നിവർ വെവ്വേറെ നടത്തിയ ചർച്ചകളെത്തുടർന്ന് 10 അടിയന്തര നടപടികൾ സർക്കാർ പ്രഖ്യാപിച്ചു.  മുതലപ്പൊഴി അടച്ചിടില്ല, പൊഴിയിൽ നിന്ന് പാറയും മണലും നീക്കം ചെയ്യുന്ന പ്രവൃത്തി നാളെത്തന്നെ (ചൊവ്വ)  തുടങ്ങും.  ലോങ്ങ് ബൂം ക്രെയിൻ റോഡ് മാർഗ്ഗം എത്തിച്ചാണ്  അദാനി കമ്പനി  പാറകളും അവശിഷ്ടങ്ങളും എടുത്തു മാറ്റുക. ഒപ്പം  എക്‌സ്‌കവേറ്ററുകൾ ആവശ്യത്തിന് എത്തിച്ചു  മണലും നാളെ മുതൽ നീക്കംചെയ്യും.

സാൻഡ് ബൈപ്പാസിങ് പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തിൽ തുടങ്ങാൻ ലോറിയിൽ മണൽ കൊണ്ടുപോകാനും തീരുമാനമായി.  ഇതിനായി ഒരു കോടി രൂപ അനുവദിച്ചു.  സാൻഡ് ബൈപ്പാസിങ് ശാശ്വതമായി നടപ്പാക്കാനായി 11 കോടിയുടെ പദ്ധതിയും അംഗീകരിച്ചിട്ടുണ്ട്.

ഇതനുസരിച്ച് മണൽ അടിയുന്ന ഒരു ഭാഗത്തുനിന്ന് എടുത്ത് മാറ്റുകയാണ് ചെയ്യുക.  രണ്ടാഴ്ചയ്ക്കുള്ളിൽ ടെൻഡർ നടപടികൾ ആരംഭിക്കുന്ന ഈ പ്രവൃത്തി രണ്ടുമാസത്തിനുള്ളിൽ തുടങ്ങും.   മുതലപ്പൊഴിയിൽ ആറ് ഹൈമാസ്റ്റ് വിളക്കുകൾ ഒരാഴ്ചയ്ക്കകം സ്ഥാപിക്കും.  യുദ്ധകാലാടിസ്ഥാനത്തിൽ വിളക്കുകൾ സ്ഥാപിക്കുന്നതിനായി ഫിഷറീസ് വകുപ്പ് സെക്രട്ടറി കെൽട്രോണുമായി ചർച്ച നടത്തും.  മുതലപ്പൊഴിയിൽ സുരക്ഷ മുൻനിർത്തി മുങ്ങൽവിദഗ്ധരിലെ 22 പേരെക്കൂടി അധികമായി നിയമിക്കും.  നിലവിൽ എട്ട് പേരാണ്  ജോലിചെയ്തിരുന്നത്.  ഡൈവിംഗ്  വിദഗ്ധരായ ഇവർ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവരായിരിക്കും. മൂന്ന് ഷിഫ്റ്റുകളിലായി എട്ടു മണിക്കൂറിൽ സുരക്ഷാ ജീവനക്കാർ ജോലി ചെയ്യും. ഇതോടെ മുഴുവൻ സമയവും അവിടെ സുരക്ഷയ്ക്ക് ആളുണ്ടാവും. രക്ഷപ്രവർത്തനങ്ങൾക്കായി മൂന്നു സ്പീഡ് ബോട്ടുകളും ലഭ്യമാക്കിയിട്ടുണ്ട്.  സ്ഥലത്ത് 24 x7 ആംബുലൻസ് നാളെ മുതൽ ലഭ്യമാക്കാൻ ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിർദ്ദേശിച്ചു.  പൊഴിയിലേക്കുള്ള റോഡിന്റെ പണിയും ചൊവ്വാഴ്ച തുടങ്ങും. മുതലപ്പൊഴിയിൽ അപകടം ഒഴിവാക്കാൻ റിമോട്ട് കണ്ട്രോൾ ബോയി സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. ഇതിനെല്ലാം പുറമേ കടൽക്ഷോഭ വേളയിൽ  മത്സ്യത്തൊഴിലാളികൾ കടലിൽ പോകാതിരിക്കാൻ സർക്കാറും മത്സ്യത്തൊഴിലാളി സംഘടനകളും ചേർന്ന് സംയുക്തമായി മേഖലയിൽ പ്രചാരണം നടത്തും.

മുതലപ്പൊഴിയിലെ ഡ്രെഡ്ജിങ്ങ് അനുകൂല കാലാവസ്ഥ അനുസരിച്ച് ഏറ്റവും അടുത്ത സമയം തുടങ്ങും. ഇക്കാര്യത്തിൽ ഹാർബർ എൻജിനീയറിങ്ങ് വകുപ്പും അദാനി കമ്പനിയും ചർച്ച നടത്തും തുടർന്ന് ഡ്രെഡ്ജർ കടൽവഴി കൊണ്ടുവരും. ഉയർന്ന തിരമാല കാരണം ഡ്രെഡ്ജർ കടൽവഴി കൊണ്ടുവരാൻ സാധിക്കില്ല എന്നായിരുന്നു യോഗത്തിൽ അദാനി കമ്പനി പ്രതിനിധികൾ അറിയിച്ചത്. എന്നാൽ മന്ത്രിമാർ ഇത് എതിർത്തു. ഏറ്റവും പെട്ടെന്ന് തന്നെ ഡ്രെഡ്ജിങ്ങ് തുടങ്ങേണ്ടതുണ്ടെന്നും നിലവിൽ ആഴ്ചയിൽ നാലു ദിവസം നല്ല കാലാവസ്ഥയാണ് എന്നാണ് ഹാർബർ എൻജിനീയറിങ്ങ് വകുപ്പിൽ നിന്നുള്ള റിപ്പോർട്ടെന്നും മന്ത്രിമാർ ചൂണ്ടിക്കാട്ടി.  ഇതിനുശേഷമാണ് ഡ്രെഡ്ജർ കൊണ്ടുവരാം എന്ന കാര്യം കമ്പനി അറിയിച്ചത്. മുതലപ്പൊഴി തുറമുഖ നിർമാണത്തിലെ അപാകത പഠിക്കുന്ന പൂനെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷന്റെ (CWPRS) അന്തിമ പഠന റിപ്പോർട്ട് ഡിസംബറിൽ ലഭ്യമാകുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

മൺസൂണിന് ശേഷമുള്ള ഡാറ്റ കൂടി ശേഖരിച്ച് പഠന വിധേയമാക്കണം എന്നാണ് ഒടുവിൽ പൂനെയിൽ നിന്ന് അറിയിച്ചത്.  ഇതനുസരിച്ച് അടുത്താഴ്ച CWPRS സംഘം മുതലപ്പൊഴി സന്ദർശിക്കും. നിർമാണത്തിലെ അപാകതയാണ് മുതലപ്പൊഴിയിലെ അപകടത്തിനു കാരണമെങ്കിൽ അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. മുതലപ്പൊഴിയിൽ ഡ്രഡ്ജിങ്ങ് നടത്തി മണലും മണ്ണും പാറയും മറ്റു നീക്കം ചെയ്യാൻ 2024 വരെ അദാനി ഗ്രൂപ്പുമായാണ് സംസ്ഥാന സർക്കാർ കരാറുണ്ടാക്കിയത്. തിങ്കളാഴ്ചത്തെ യോഗതീരുമാനങ്ങൾ  നടപ്പാക്കാതെ വന്നാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കമ്പനി പ്രതിനിധികളെ നേരിട്ട് മന്ത്രിമാർ അറിയിച്ചു.  മരണപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.

സാൻഡ് ബൈപ്പാസിങ്ങ് ഒഴികെ എല്ലാ നിർമ്മിതികളും അദാനി കമ്പനിയാണ് ചെയ്യേണ്ടത്. സാൻഡ് ബൈപ്പാസിങ്ങ് പ്രവൃത്തി ഹാർബർ എൻജിനീയറിങ് വകുപ്പ് ഏറ്റെടുത്ത് ചെയ്യും. യോഗത്തിൽ വി. ജോയ് എം.എൽ.എ, ഫിഷറീസ് വകുപ്പ് സെക്രട്ടറി കെ.എസ് ശ്രീനിവാസ്, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എം.ഡി അദീല അബ്ദുള്ള, ജില്ലാ കലക്ടർ ജെറോമിക് ജോർജ്, ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.