കൊല്ലം: സാധാരണക്കാരുടെ മക്കള്‍ക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വള്ളിക്കീഴ് സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പണി പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം, പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം എന്നിവ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഘട്ടംഘട്ടമായി ഓരോ സ്‌കൂളും ആധുനീകരിക്കുകയാണ് സര്‍ക്കാര്‍. ഭൗതിക സാഹചര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം അക്കാദമിക് നിലവാരവും മുന്‍നിരയിലേക്കെത്തിക്കുകയാണ്. ഇതു തിരിച്ചറിയുന്ന സാഹചര്യം ഇവിടെയുണ്ട് എന്നതിന്റെ തെളിവാണ് പൊതുവിദ്യാഭ്യാസ യജ്ഞത്തിന് ലഭിക്കുന്ന സ്വീകാര്യതയെന്നും മന്ത്രി വ്യക്തമാക്കി.
എന്‍. വിജയന്‍പിള്ള എം.എല്‍.എ അധ്യക്ഷനായി. ഇവിടെ നിര്‍മിച്ച ഗേള്‍സ് ഫ്രണ്ട്‌ലി റൂമിന്റെ ഉദ്ഘാടനം മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു.
കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ പി.ജെ. രാജേന്ദ്രന്‍, കൗണ്‍സിലര്‍മാരായ ടിന്റു ബാലന്‍, എസ്. ജയന്‍, രാജലക്ഷ്മി ചന്ദ്രന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ റെനി ആന്റണി, പ്രിന്‍സിപ്പല്‍ പി. രാജേശ്വരി അമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.