സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ദശവാർഷികാഘോഷ പരിപാടികൾക്ക് തുടക്കമായി. മലപ്പുറം ഗവ. കോളേജിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

നൂറ്റാണ്ടുകൾക്ക് മുമ്പ് മലബാർ തീരങ്ങളുമായി അറേബ്യൻ സമൂഹത്തിനുണ്ടായിരുന്ന വ്യാപാര ബന്ധങ്ങൾ നമ്മുടെ മലയാള ഭാഷയേയും പാട്ട് രീതികളെയും ഏറെ സ്വാധീനിച്ചിരുന്നുവെന്നും അറബി മലയാളം സാഹിത്യത്തിൽ കൂടുതൽ ഗവേഷണങ്ങൾ നടക്കേണ്ടതുണ്ടെന്നും ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച ‘അറബി മലയാളവും മലയാളസാഹിത്യവും’ എന്ന വിഷയത്തിലുള്ള സെമിനാർ, കെ.പി രാമനുണ്ണിയുടെ കൃതികളെ ആസ്പദമാക്കിയുള്ള രചന ചർച്ച എന്നിവ അരങ്ങേറി.

മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി, കേരള സാഹിത്യ അക്കാദമി, ഗവ. കോളേജ് മലപ്പുറം മലയാളം വിഭാഗം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ മാപ്പിള കലാ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി അധ്യക്ഷത വഹിച്ചു. ‘എന്റെ രചനാലോകങ്ങൾ കെ.പി രാമനുണ്ണി’ എന്ന പരിപാടിയിൽ വിജു നായരങ്ങാടി അധ്യക്ഷത വഹിച്ചു. സദസ്യരുടെ ചോദ്യങ്ങൾക്ക് പ്രതികരിച്ചുകൊണ്ട് കെ.പി രാമനുണ്ണി പ്രഭാഷണം നടത്തി.

സാഹിത്യ അക്കാദമി സെക്രട്ടറി സി.പി അബൂബക്കർ, ഡോ. കെ.കെ മുഹമ്മദ് അബ്ദുൽസത്താർ, ഡോ. ഷംഷാദ് ഹുസൈൻ, മാപ്പിളകലാ അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ, ഫൈസൽ എളേറ്റിൽ, കോളേജ് പ്രിൻസിപ്പൽ ഡോ. പി കദീജ, മലയാളം വിഭാഗം വകുപ്പ് മേധാവി, സി.ടി സലാഹുദ്ദീൻ, മാപ്പിളകലാ അക്കാദമി വൈസ് ചെയർമാൻ പുലിക്കോട്ടിൽ ഹൈദരലി, കോളേജ് മലയാളം അസോസിയേഷൻ സെക്രട്ടറി ഐ.എസ് കാവ്യ തുടങ്ങിയവർ പങ്കെടുത്തു.