നിലമ്പൂർ മേഖലയിലെ ഗ്രോത ജനതയ്ക്ക് കാവലായി ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ്. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിയിൽ നിന്ന് കാടിന്റെ മക്കൾക്ക് ആശ്വാസത്തിന്റെയും കരുതലിന്റെയും സംരക്ഷണ കവചമൊരുക്കുകയാണ് ഇവർ. വിദ്യാഭ്യാസം, കായികം, തൊഴിൽ, ആരോഗ്യം, കല തുടങ്ങിയ മേഖലകളിൽ ആദിവാസി ജനതയെ ശാക്തീകരിക്കാൻ വിവിധ പദ്ധതികളാണ് ഇതിനകം സ്‌ക്വാഡ് നടപ്പിലാക്കിയത്. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ സർക്കാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന നിലമ്പൂർ ഡി അഡിക്ഷൻ സെന്ററിന്റെയും സ്‌ക്വാഡിന്റെയും സഹായത്തോടെ 4030 പേരെയാണ് ലഹരിയിൽ നിന്നും ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.

ഊരുകളിലെ ലഹരി ഉപയോഗം തടയുന്നതിനായി വിമുക്തി പദ്ധതിയിലുൾപ്പെടുത്തി ലഹരി വിരുദ്ധ ബോധവത്കരണം, യുവാക്കളെ ലഹരിയിൽ നിന്ന് കായിക ലഹരിയിലേക്ക് ആകർഷിക്കുന്നതിനായി 2018 മുതൽ ‘കാടകം’ ഫുട്‌ബോൾ മേള നടത്തിവരുന്നുണ്ട്. ലഹരി ഉപയോഗം കൂടുതലായുള്ള ഊരുകളിൽ വിമുക്തി ഡി അഡിക്ഷൻ സെന്ററിലെ ഡോക്ടറുടെ നേതൃത്വത്തിൽ ഡി അഡിക്ഷൻ മെഡിക്കൽ ക്യാമ്പ്, പ്രത്യേകം കൗൺസിലിങ്, ഫുട്‌ബോൾ മേള, സൗജന്യ പി.എസ്.സി-കായിക പരിശീലനം തുടങ്ങിയവയാണ് ജനമൈത്രി സ്‌ക്വാഡിന്റെ പ്രവർത്തനം.ഊരുകളിലെ യുവാക്കളെ മറ്റു ഫുട്‌ബോൾ മത്സരങ്ങൾക്ക് സജ്ജമാക്കുന്നതിന്റെ ഭാഗമായി ‘കാടകം’ ഫുട്‌ബോൾ മേളയിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെ ഉൾപ്പെടുത്തി ‘വിമുക്തി ട്രൈബൽ ഫുട്‌ബോൾ ടീം’ രൂപീകരിക്കുകയും ചെയ്തു. എടക്കര സോക്കർ അക്കാദമിയുമായി സഹകരിച്ച് ഇവർക്ക് ഫുട്‌ബോൾ പരിശീലനവും നൽകുന്നുണ്ട്.

യുവാക്കളെ സർക്കാർ ഉദ്യോഗസ്ഥരാക്കുക എന്ന ലക്ഷ്യത്തോടെ കീസ്റ്റോൺ, മഹിള സമഖ്യ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ പി.എസ്.സി പരിശീലനവും നൽകുന്നുണ്ട്. കായിക പരിശീലനം ആവശ്യമുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രത്യേക പരിശീലനവും നൽകുന്നു. പരിശീലനത്തിലൂടെ നിലമ്പൂരിലെ 16 യുവാക്കളാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസറായി നിയമനം നേടിയത്.

വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനൊപ്പം 23 കുട്ടികളെ വിദ്യാലയങ്ങളിലെത്തിക്കാനും കഴിഞ്ഞു.
ഗോത്ര ഊരുകളിലെ നിരവധിപേരെ മദ്യം, മുറുക്ക് തുടങ്ങിയ ലഹരി ഉപയോഗത്തിൽ നിന്നും മോചിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കാൻ ജനമൈത്രി എക്‌സൈസിന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.