കടലേറ്റം തടയുന്നതിനായി പൊന്നാനി തീരത്ത് കടൽഭിത്തിയുടെ നിർമാണം ആരംഭിച്ചു. കടൽ ക്ഷോഭം ഏറെ നാശം വിതച്ച പൊന്നാനി ഹിളർ പള്ളി ഭാഗത്ത് 218 മീറ്റർ ഭാഗത്തെ നിർമാണമാണ് ആദ്യഘട്ടത്തിൽ ആരംഭിച്ചിത്. 35 ലക്ഷം രൂപയുടെ സർക്കാർ ഫണ്ടും 30 ലക്ഷം രൂപയുടെ ജലസേചനവകുപ്പ് ഫണ്ടും ചേർന്ന് 65 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാകുന്നത്. കൂടാതെ മുല്ല റോഡ് പ്രദേശത്ത് 134 മീറ്റർ ജിയോബാഗ് സ്ഥാപിക്കാൻ ദുരന്തനിവാരണ വകുപ്പിൽ നിന്ന് 16 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഇതോടെ പൊന്നാനിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അടിയന്തര പ്രാധാന്യത്തോടെ തീരസംരക്ഷണത്തിനായി 81 ലക്ഷത്തിന്റെ പദ്ധതിയാണ് നടപ്പാവുന്നത്.

കൂടാതെ പെരുമ്പടപ്പ് പഞ്ചായത്തിലെ പാലപ്പെട്ടി, വെളിയങ്കോട് പഞ്ചായത്തിലെ തണ്ണിത്തുറ, പൊന്നാനി നഗരസഭയിലെ അലിയാർ പള്ളി മുതൽ മരക്കടവ് വരെയുള്ള പ്രദേശങ്ങളിലായി 1084 മീറ്റർ കടൽഭിത്തി നിർമിക്കാൻ 10 കോടി രൂപയുടെ പദ്ധതിയും ടെൻഡർ നടപടി പൂർത്തിയായിട്ടുണ്ട്. പൊന്നാനി നഗരസഭയിലെ അലിയാർ പള്ളിമുതൽ മരക്കടവുവരെ 600 മീറ്ററും വെളിയങ്കോട് തണ്ണിത്തുറയിൽ 234 മീറ്ററും പാലപ്പെട്ടി കടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാൻ ഭാഗത്ത് 250 മീറ്റർ നീളത്തിലുമാണ് കടൽഭിത്തി നിർമിക്കുക.

കഴിഞ്ഞ തവണയുണ്ടായ കടൽക്ഷോഭത്തിൽ പാലപ്പെട്ടി, വെളിയങ്കോട്, പൊന്നാനി എന്നീ പ്രദേശങ്ങളിൽ ഏറെ നാശംവിതച്ചിരുന്നു. പ്രദേശം സന്ദർശിച്ച പി. നന്ദകുമാർ എം.എൽ.എ വിഷയം മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതോടെയാണ് പൊന്നാനിയുടെ തീരസംരക്ഷണത്തിന് സർക്കാരിന്റെ അടിയന്തര ഇടപെടലുണ്ടായത്.