പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്കില്‍ ഒരുക്കിയ ആധുനിക സംവിധാനങ്ങള്‍ നജീബ് കാന്തപുരം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആശുപത്രയുടെ സൗകര്യം മെച്ചപ്പെടുത്താനും ആധുനിക സംവിധാനങ്ങള്‍ ഒരുക്കാനും പൊതുജന പിന്തുണയോടെ പദ്ധതി ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിയിലെ മാലിന്യ സംസ്‌കരണത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ നടപ്പാക്കുന്ന ‘ സമഗ്ര’ പദ്ധതിയില്‍ ജില്ലാ ആശുപത്രിയുടെ ശുചീകരണവും ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സി ബിന്ദു അധ്യക്ഷത വഹിച്ചു.

സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്കില്‍ പുതിയ സംവിധാനങ്ങള്‍ ഒരുക്കിയത്. ലാബ് നവീകരണം, കമ്പ്യൂട്ടര്‍ വത്കരണം തുടങ്ങിയ സംവിധാനങ്ങളാണ് പുതുതായി ഒരുക്കിയിരിക്കുന്നത്. നവീകരിച്ച ലാബില്‍ രക്തപരിശോധനയില്‍ എലിസ രീതിക്ക് പകരമായി പരിഷ്‌കരിച്ച ക്ലിയ രീതിയിലാണ് പരിശോധനകള്‍ നടത്തുക. എച്ച്‌ഐവി, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ എന്നിവയുടെ പരിശോധന ഫലം വേഗത്തില്‍ ലഭ്യമാക്കാന്‍ ഈ രീതിയില്‍ സഹായകമാവും. ബ്ലഡ് ബാങ്ക് കമ്പ്യൂട്ടര്‍ വത്രിക്കുക വഴി ദാതാക്കളുടെ കൗണ്‍സിലിങ് തുടങ്ങിയ രോഗികള്‍ക്ക് രക്തം നല്‍കുന്ന വരെയുള്ള എല്ലാ കാര്യങ്ങളും ദാതാവിന് എവിടെയിരുന്നും പരിശോധിക്കാനും കഴിയും.