ആഗസ്റ്റ് 4, 5, 6 തിയ്യതികളിൽ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന് മുന്നോടിയായി സംഘടിപ്പിച്ച ഓഫ് റോഡ് എക്സ്പെഡീഷൻ ആവേശമായി. പൂവാറൻതോട് നിന്നും നായാടും പൊയിൽ വഴി കക്കാടം പെയിൽ വരെ നടന്ന ഓഫ് റോഡ് എക്സ്പെഡീഷൻ ലിന്റോ ജോസഫ് എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പെട്രോൾ, ഡീസൽ വിഭാഗങ്ങളിൽ 52 വാഹനങ്ങളാണ് എക്സ്പെഡീഷനിൽ പങ്കെടുത്തത്. 8.5 കിലോമീറ്റർ ഓഫ് റോഡ് ഡ്രൈവിൽ പുതുമുഖങ്ങളും പരിചയ സമ്പന്നരുമുണ്ടായിരുന്നു. തുടർന്ന് പ്രത്യേകം തയ്യാറാക്കിയ ട്രയലിൽ ഓഫ് റോഡ് വാഹനങ്ങളുടെ എക്സിബിഷനും നടന്നു. മലബാർ റിവർ ഫെസ്റ്റിവൽ ഓർഗനൈസിംഗ് കമ്മിറ്റിയും, കക്കാടംപൊയിൽ അഡ്വഞ്ചർ ടൂറിസം ക്ലബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഓഫ് റോഡ് എക്സ്പെഡീഷൻ നാളെയും തുടരും.

വാർഡ് മെമ്പർ എൽസമ്മ ജോർജ്ജ്, സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ മെമ്പർ പി.ടി. അഗസ്റ്റിൻ, അഡ്വെഞ്ചർ ടൂറിസം സി. ഇ.ഒ ബിനു കുര്യാക്കോസ്, പൂവാറംതോട് റിസോർട് അസോസിയേഷൻ പ്രസിഡന്റ് മോഹനൻ കെ.എം, സംഘാടകസമിതി അംഗങ്ങളായ മെവിൻ, അജു എമ്മാനുവൽ, പ്രോഗ്രാം കോർഡിനേറ്റർ ആഷിഖ്, ചെറുവാടി അഡ്വഞ്ചർ ക്ലബ് ഭാരവാഹി നിയാസ് എന്നിവർ സംസാരിച്ചു.