മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും പക്ഷമാണ് ഷാഹിനയുടെതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഇന്റർനാഷണൽ പ്രസ്സ് ഫ്രീഡം അവാർഡ് നേടിയ കെ കെ ഷാഹിനയ്ക്ക് സ്വീകരണവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മാസ്റ്റർ ഡാവിഞ്ചിയ്ക്കും ജിതിൻ രാജിനും അനുമോദനവും നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കക്ഷി രാഷ്ട്രീയത്തിനതീതമായി മാധ്യമങ്ങൾ പ്രവർത്തിക്കണം. നുണപ്രചാരകരെ തുറന്നുകാണിക്കാൻ ധീരതയോടെയും ഉറച്ച നിലപാടോടുംകൂടി മാധ്യമപ്രവർത്തകർ പ്രവർത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇന്റർനാഷണൽ പ്രസ്സ് ഫ്രീഡം അവാർഡ് നേടിയ കെ കെ ഷാഹിനയെ മന്ത്രി ഫലകം നൽകി. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മാസ്റ്റർ ഡാവിഞ്ചി, മികച്ച കുട്ടികളുടെ സിനിമയായി തെരഞ്ഞെടുത്ത പല്ലൊട്ടി 90 കിഡ്സിന്റെ സംവിധായകൻ ജിതിൻ രാജ് എന്നിവരെയും മന്ത്രി ആദരിച്ചു.

കോണത്തുകുന്ന് എംഡി കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ മുഖ്യാതിഥിയായി സംസാരിച്ചു. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ പരിസരത്തു നിന്നും നൂറുകണക്കിന് ആളുകൾ അണിനിരന്ന സാംസ്കാരിക ഘോഷയാത്ര ശ്രദ്ധേയമായി. സമകാലിക ഇന്ത്യൻ ജനാധിപത്യവും മാധ്യമങ്ങളും എന്ന വിഷയത്തിൽ സി എൽ തോമസ്, ടി എം ഹർഷൻ എന്നിവർ മാധ്യമ സെമിനാർ അവതരിപ്പിച്ചു.