കുരുവട്ടൂർ ഗ്രാമപഞ്ചായത്തിൽ എം എൽ എ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്നു. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരിത എ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിലും സമയബന്ധിതവുമായി പൂർത്തിയാക്കാൻ നിർവഹണ അധികാരികൾക്ക് മന്ത്രി നിർദേശം നൽകി.

മൃഗാശുപത്രി, കൃഷിഭവൻ എന്നിവക്കായി 99 ലക്ഷംരൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി, പറമ്പിൽ ഹൈസ്കൂൾ കുറ്റ്യാട്ടുതാഴം റോഡ് പ്രവർത്തി, ചെറുവറ്റ വെളുത്തേടത്ത് താഴം റോഡിന്റെ പ്രവൃത്തി പുരോഗതി തുടങ്ങി പഞ്ചായത്തിലെ വിവിധ വികസന പ്രവർത്തികൾ അവലോകനം ചെയ്തു.

ഒരു കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ചെറുവറ്റ കോളനിയുടെ പ്രവൃത്തി പൂർത്തിയാക്കി ആഗസ്റ്റ് മാസത്തോടെ ഉദ്ഘാടനം ചെയ്യുന്നതിനും, 25 കോടി രൂപ ചിലവിൽ പൂളക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ അപ്പ്രോച്ച് റോഡ് പ്രവൃത്തി വേഗത്തിൽ ആക്കാനുള്ള നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ചും യോഗത്തിൽ ചർച്ചയായി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ശശിധരൻ, ബ്ലോക്ക് മെമ്പർ എം. ജയപ്രകാശൻ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ സിന്ധു പ്രദോഷ് , യു.പി സോമനാഥൻ, എം.കെ. ലിനി, വാർഡ് മെമ്പമാർ, പഞ്ചായത്ത് സെക്രട്ടറി , ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.