സംരംഭകമേള ആഗസ്റ്റ് 20 മുതൽ 26വരെ മറൈൻ ഗ്രൗണ്ടിൽ

ഓണത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാരിന്റെയും വനിതാ വികസന കോർപ്പറേഷന്റെയും ആഭിമുഖ്യത്തിൽ ആഗസ്റ്റ് 20 മുതൽ 26വരെ വനിതാ സംരംഭകമേള സംഘടിപ്പിക്കുന്നു. മേളയുടെ വിജയത്തിനായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗം കെ.എം സച്ചിൻ ദേവ് എം എൽ എ ഉദ്ഘാടനം ചെയ്തു. മുൻ എം എൽ എ കെ കെ ലതിക അധ്യക്ഷയായിരുന്നു.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ.സി റോസക്കുട്ടി ടീച്ചർ, കേരള വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി എന്നിവരാണ് മുഖ്യരക്ഷാധികാരികൾ.

മേയർ, എം പി മാർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഡെപ്യൂട്ടി മേയർ എന്നിവർ രക്ഷാധികാരികളാണ്.
ജില്ലാ കലക്ടർ എ ഗീത സ്വാഗതസംഘം ജനറൽ കൺവീനറായും വനിത വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ വി.സി ബിന്ദു വർക്കിംഗ് കൺവീനറായും പ്രവർത്തിക്കും. വനിതാ വികസന കോർപ്പറേഷൻ ഡയറക്ടമാരായ വി.കെ പ്രകാശിനി, ഷീബ ലിയോൺ എന്നിവരാണ് കോർഡിനേറ്റർമാർ.

മേളയുടെ ലോഗോ പ്രകാശനം ഡെപ്യൂട്ടി കലക്ടർ ഇ അനിത കുമാരി നിർവഹിച്ചു. വനിതാ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ വി.സി ബിന്ദു പദ്ധതി വിശദീകരണം നടത്തി. വനിതാ വികസന കോർപ്പറേഷൻ കോഴിക്കോട് റീജണൽ മാനേജർ ഫൈസൽ മുനീർ, വനിതാ വികസന കോർപ്പറേഷൻ ഡയറക്ടർ വി.കെ പ്രകാശിനി, വനിതാ വികസന കോർപ്പറേഷൻ മുൻ ചെയർപേഴ്സൺ അഡ്വ. പി കുൽസു, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

വനിതാ സംരംഭകമേള ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ആഗസ്റ്റ് 20 ന് രാവിലെ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് മറൈൻ ഗ്രൗണ്ടിൽ നടത്തുന്ന വനിതാ സംരംഭക മേളയിൽ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള 200 ഓളം വനിതാ സംരംഭകർ പങ്കെടുക്കും. മേളയോടനുബന്ധിച്ച് ചർച്ചകൾ, സംവാദങ്ങൾ എന്നിവയും വൈകുന്നേരങ്ങളിൽ കലാസാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും.