അവകാശങ്ങള്‍ ലംഘിച്ച് ബാലസമൂഹത്തെ പുറംതള്ളിയാല്‍ വളരുന്നത് ക്രിമിനലുകളാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കനകക്കുന്നില്‍ സംഘടിപ്പിച്ച അന്തര്‍ദ്ദേശീയ ശിശുദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലൂടെ നാടിന്റെ ഭാവിയാണ് സംരക്ഷിക്കപ്പെടുന്നത്. ഇതില്‍ രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും സമൂഹത്തിനും ബാധ്യതയുണ്ട്. കുട്ടികളെ മയക്കുമരുന്നിന് അടിമയാക്കാനും അവയുടെ കാരിയര്‍മാരാക്കാനും ശ്രമം നടക്കുന്നുണ്ട്. ഇതിനെതിരെ നാം ജാഗ്രത പാലിക്കണം. ഇന്ത്യയില്‍ അഞ്ച് വയസില്‍ താഴെയുള്ള 12.5 കോടി കുട്ടികളുണ്ട്. ഇതില്‍ രണ്ടര കോടി കുട്ടികള്‍ മരിക്കുന്നു. 6.5 കോടി കുട്ടികള്‍ക്ക് കൃത്യമായി ഭക്ഷണവും പോഷകാഹാരവും ലഭിക്കാതെ വളര്‍ച്ച മുരടിക്കുന്നു. ഇതിനേക്കാള്‍ വലിയ ബാലാവകാശ ലംഘനമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബാലാവകാശ സംരക്ഷണത്തിനുള്ള നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. കുട്ടികളുടെ മനസില്‍ നല്ല കാര്യങ്ങള്‍ എത്തിക്കാന്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടാവണം. നന്‍മയുടെ ശുദ്ധവായു ശ്വസിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കണം. അതിനുള്ള അന്തരീക്ഷം നാം സൃഷ്ടിക്കണം. കുട്ടിക്കാലത്ത് കുഞ്ഞുങ്ങള്‍ക്ക് സ്‌നേഹവും പരിചരണവും ലഭിക്കണം. ബാലകാലത്ത് ലഭിക്കുന്ന കരുതല്‍ വ്യക്തിത്വരൂപീകരണത്തില്‍ പ്രധാനമാണ്. കേരളത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് തടസമില്ല. എന്നാല്‍ രാജ്യത്തെ മറ്റു പല സ്ഥലങ്ങളിലും സ്ഥിതിയതല്ല. പഠനാവകാശം നിഷേധിക്കപ്പെടുന്നതും കടുത്ത ബാലാവകാശ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. തപാല്‍ വകുപ്പുമായി ചേര്‍ന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പുറത്തിറക്കിയ തപാല്‍ കവര്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ടെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി നിരവധി ആശയങ്ങള്‍ സ്വരൂപിക്കുന്നുണ്ട്. വിദ്യാലയങ്ങളിലും കുടുംബങ്ങളിലും ജനാധിപത്യവത്കരണം പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. മാനസിക ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായുള്ള സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസ മന്ത്രി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭാകോശി, അംഗങ്ങളായ ഷീലാ മേനോന്‍, ഡോ. എം. പി ആന്റണി, സി. ജെ. ആന്റണി, സിസ്റ്റര്‍ ബിജി ജോസ്, സെക്രട്ടറി അനിത ദാമോദരന്‍, തപാല്‍ വകുപ്പ് സീനിയര്‍ സൂപ്രണ്ട് മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.