ശബരിമല: അയ്യപ്പദര്‍ശനത്തിനെത്തുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും കാര്യക്ഷമവും തൃപ്തികരവുമായി ഒരുക്കാന്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. എന്തെങ്കിലും തരത്തിലുള്ള പരാതികളുണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിനും പൂര്‍ണ ഉത്തരവാദിത്വത്തോടെ പ്രതികരിക്കുന്നതിനും തയ്യാറാണ്. അപാകതകളുണ്ടായാല്‍ ഉദ്യോഗസ്ഥരുടെ മേല്‍ പഴിചാരി മാറാന്‍ ശ്രമിക്കില്ല.  ദേവസ്വം ഗസ്റ്റ് ഹൗസില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോര്‍ഡംഗം കെ.രാഘവന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എന്‍. ചന്ദ്രശേഖരന്‍,  ഫെസ്റ്റിവല്‍ കണ്‍ട്രോളര്‍ കെ.എസ്.വിനോദ് എന്നിവര്‍ സന്നിഹിതരായിരുന്നു.
സീസണ്‍ മുഴുവന്‍ സന്നിധാനത്തുണ്ടാകും
അത്യാവശ്യ കാരണങ്ങള്‍ കൊണ്ടല്ലാതെ സീസണില്‍ ബോര്‍ഡംഗങ്ങളാരും സന്നിധാനത്തു നിന്ന് മാറി നില്‍ക്കില്ല. തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ വിലയിരുത്താന്‍ രണ്ട് ദിവസത്തിലൊരിക്കല്‍ ഉദ്യോഗസ്ഥതല യോഗം വിളിക്കും. മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ഇടപെടല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ചു.
എല്ലാവര്‍ക്കും ഒറ്റ മെസ്
സന്നിധാനത്തെത്തുന്ന ഭക്തര്‍ക്കും ജീവനക്കാര്‍ക്കുമടക്കം എല്ലാവര്‍ക്കും അന്നദാനമണ്ഡപത്തില്‍ തന്നെ ഭക്ഷണം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. രാജ്യത്തെ തന്നെ വലിയ മെസ്സാണിത്. എല്ലാവരെയും തുല്യരായി കാണുന്ന കാഴ്ചപ്പാടില്‍ വിട്ടുവീഴ്ചക്കില്ല. ഇതിന്റെ ഭാഗമായി ദേവസ്വം ബോര്‍ഡംഗങ്ങള്‍ അന്നദാനമണ്ഡപത്തില്‍ നിന്നു തന്നെ ഭക്ഷണം കഴിക്കും. അന്നദാന ഫണ്ടില്‍ നിന്നുള്ള തുക മുമ്പ് വകമാറ്റി ചെലവിട്ടിട്ടുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷിക്കും. ഒരേസമയം 1,300 പേര്‍ക്ക് ഇരിക്കാവുന്ന അന്നദാനമണ്ഡപത്തില്‍ തുടര്‍ച്ചയായി ഭക്ഷണ വിതരണം നടക്കുന്നു. അന്നദാന മണ്ഡപത്തില്‍ ഭക്ഷണ സാധനങ്ങള്‍ മുകള്‍ നിലയിലെത്തിക്കുന്നതിന് ലിഫ്റ്റ് സ്ഥാപിക്കും.
അനാവശ്യ ചെലവ് അനുവദിക്കില്ല
സന്നിധാനത്ത് ലഭിക്കുന്ന തുക പാഴാക്കാന്‍ അനുവദിക്കില്ല. ഇത്തവണ വരുമാനത്തില്‍ വലിയ വര്‍ധനയാണ് കാണുന്നത്. ഇതുവരെ അഞ്ചു കോടി ഒന്‍പത് ലക്ഷം രൂപയാണ് ലഭിച്ചിട്ടുള്ളത്. മുന്‍ വര്‍ഷം ഇതേ സമയം രണ്ടു കോടി നാല്‍പ്പത്തിയെട്ട് ലക്ഷമാണ് ലഭിച്ചത്.
അരവണ ആവശ്യത്തിനുണ്ട്
ഭക്തര്‍ക്ക് ലഭ്യമാക്കുന്നതിന് ആവശ്യത്തിന് അരവണ സ്റ്റോക്കുണ്ട്. 30 ലക്ഷം ടിന്‍ അരവണയും അഞ്ച് ലക്ഷത്തിലധികം കവര്‍ അപ്പവും സ്റ്റോക്കുണ്ട്. ആക്ഷേപങ്ങള്‍ക്കിടയാക്കാതെ ഇവ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
ജീവനക്കാരെ തുല്യതയോടെ കാണും
പുതിയ ബോര്‍ഡ് വന്ന ശേഷം ജീവനക്കാരേ സ്ഥാലം മാറ്റുകയോ മറ്റോ ചെയ്തിട്ടില്ല. എല്ലാവരേയും തുല്യതയോടെ കണ്ടാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ ചില ജീവനക്കാരുടെ ഭാഗത്തു നിന്ന് തെറ്റായ നീക്കങ്ങളുള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അത്തരക്കാര്‍ക്കെതിരെ കര്‍ശനനടപടിക്ക് മടിക്കില്ല.
മാലിന്യ സംസ്‌കരണ പ്ലാന്റ്- അന്വേഷണം വേണ്ടി വന്നേക്കും
ശബരിമലയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് സംബന്ധിച്ച് ഉയര്‍ന്ന ആക്ഷേപങ്ങളില്‍ അന്വേഷണം വേണ്ടി വന്നേക്കും. ഇക്കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കും.
കുടിവെള്ളവും ബിസ്‌ക്കറ്റും
അയ്യപ്പഭക്തര്‍ക്കുള്ള കുടിവെളള വിതരണത്തിനായി 369 ടാപ്പുകള്‍ സ്ഥാപിച്ചു. ഔഷധജല വിതരണവും നടക്കുന്നു. ദിവസം ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ ഔഷധജലം വിതരണം ചെയ്യുന്നു. അതോടൊപ്പം ബിസ്‌ക്കറ്റ് വിതരണം ചെയ്യും.
വനം വകുപ്പുമായി ചര്‍ച്ച നടത്തും
മണ്ഡലകാലത്ത് വനം വകുപ്പ് ഏര്‍പ്പെടുത്തുന്ന ചില നിയന്ത്രണങ്ങളും നിലപാടുകളും ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആക്ഷേപമുണ്ട്. ഇക്കാര്യത്തില്‍ പ്രായോഗിക നിലപാട് സ്വീകരിക്കുന്നതിനും ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും വനം വകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തും.
സ്ത്രീപ്രവേശനം- നിലവിലെ നിയമം പാലിക്കും
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് നിലവിലെ നിയമവും ആചാരവുമനുസരിച്ചു പ്രവര്‍ത്തിക്കും. പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനമില്ല. ഇത് അറിയാതെയോ അറിഞ്ഞോ പ്രായപരിധി കഴിയാത്ത സ്ത്രീകള്‍ എത്തിയാല്‍ അവരെ സ്‌നേഹപൂര്‍വ്വം  തടഞ്ഞ് മടക്കി അയക്കും. നിര്‍ബന്ധപൂര്‍വ്വം കടന്നു വരാന്‍ ശ്രമിക്കുന്നവരെ നിയമപരമായി നേരിടാന്‍ പോലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
റൂം ബുക്കിംഗിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും
ശബരിമലയിലെ അക്കോമഡേഷന്‍ സംബന്ധിച്ച പരാതികള്‍ പരിഹരിക്കും. ഓണ്‍ലൈന്‍ ബുക്കിംഗില്‍ ചില തകരാറുകളുണ്ട്. കെല്‍ട്രോണിന് ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായതായി കരുതുന്നു. ഒരേ മുറി രണ്ടു പേര്‍ക്ക് അനുവദിക്കുന്നതു പോലുള്ള വീഴ്ചകള്‍ അനുവദിക്കാനാവില്ല. ഐ.ടി. വകുപ്പുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും. അക്കോമഡേഷന്‍ വിഭാഗത്തിലെ മരാമത്ത് പണികള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഹരിവരാസനം ആലാപനത്തിലെ അപാകത പരിഹരിക്കും
സന്നിധാനത്ത് ആലപിക്കുന്ന ഹരിവരാസനത്തിലുള്ള ചെറിയ അപാകത പരിഹരിച്ച് പാടാന്‍ യേശുദാസിനോട് അഭ്യര്‍ത്ഥിക്കും. ഹരിവരാസനത്തിന്റെ എല്ലാ വരിയിലും മധ്യത്ത് സ്വാമി എന്ന് ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ആലാപനത്തില്‍ എല്ലാ വരിയിലും അതില്ല. അരിവി മര്‍ദ്ദനം എന്ന് ചേര്‍ത്ത് പാടിയത് വാക്കുകള്‍ ഇടവിട്ട് അരി വിമര്‍ദ്ദനം എന്ന് ആലപിക്കുമ്പോള്‍ പൂര്‍ണതയുണ്ടാകും. ഹരിവരാസനം ട്രസ്റ്റ് ചെലവ് വഹിച്ചു കൊണ്ട് പുതിയ ആലാപനം റെക്കോഡ് ചെയ്യാനാണ് ആലോചിക്കുന്നത്.
നെയ്‌ത്തോണികളുടെ എണ്ണം കൂട്ടും
അയ്യപ്പന് നെയ്യ് അര്‍പ്പിക്കുന്ന നെയ്‌ത്തോണികളുടെ എണ്ണം കൂട്ടുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും എ.പത്മകുമാര്‍ പറഞ്ഞു.