ശബരിമല: ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്ക് അന്നദാനമണ്ഡപത്തില്‍ നിന്നു വിതരണം ചെയ്യുന്ന ഭക്ഷണം തന്നെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മെമ്പര്‍മാരും കഴിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. സന്നിധാനത്തെ ദേവസ്വം ബോര്‍ഡിന്റെ അന്നദാനമണ്ഡപം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരേയും ഒരേപോലെ കാണണമെന്നാണ് ദേവസ്വം ബോര്‍ഡ് ആഗ്രഹിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ അന്നദാനമണ്ഡപമാണ് ശബരിമലയിലേത്. അയ്യപ്പഭക്ത•ാര്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ ശബരിമലയില്‍ ഒരു ഭക്ഷണപ്പുര മാത്രമേ ഉണ്ടാകാവു എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. എന്നാല്‍, എല്ലാവരും ചിലപ്പോള്‍ ഇത് അംഗീകരിക്കണമെന്നില്ല.ദേവസ്വം ബോര്‍ഡിന്റെ ചുമതല വഹിക്കുന്നവര്‍ എന്ന നിലയില്‍ ഞങ്ങള്‍ അന്നദാനത്തില്‍ നിന്നേ കഴിക്കുകയുള്ളുവെന്നാണ് തീരുമാനം. പ്രത്യേക ഭക്ഷണം വേണ്ടവര്‍ വേറെ കഴിച്ചോട്ടെ. ഞങ്ങള്‍ ഒരു നിയോഗമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ. രാഘവന്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ വി.എന്‍. ചന്ദ്രശേഖരന്‍, ഫെസ്റ്റിവല്‍ കണ്‍ട്രോളര്‍ കെ.എസ്. വിനോദ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ സുനില്‍ കുമാര്‍, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് ഓഫീസര്‍ എ. ബാബു തുടങ്ങിയവര്‍ ദേവസ്വം പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.