ഭട്ട് റോഡ് ബീച്ച് പാർക്കിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടോയ്ലറ്റ് സൗകര്യമൊരുങ്ങി. നിർമ്മാണം പൂർത്തികരിച്ച വേൾഡ് ക്ലാസ്സ്‌ ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്  ഓൺലൈനായി നിർവഹിച്ചു. കേരളത്തിന്റെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇതുപോലുള്ള സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. എല്ലാ നിലയിലും വിനോദസഞ്ചാരികൾക്ക് സൗകര്യപ്രദമാകുന്ന പദ്ധതിയാണ് വേൾഡ് ക്ലാസ്സ്‌ ടോയ്ലറ്റ്. ഇതിന്റെ പരിപാലനം ശരിയായ അർത്ഥത്തിൽ നടത്താൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യ വികസനങ്ങളുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ‘വേൾഡ് ക്ലാസ്സ് ടോയ്ലറ്റ് ബ്ലോക്ക് ‘പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭട്ട് റോഡ് ബീച്ച് പാർക്കിലെ ടോയ്ലറ്റ് ബ്ലോക്കിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.

മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായി. കൗൺസിലർ മഹേഷ്‌ എം.കെ, ഡി ടി പി സി സെക്രട്ടറി ഡോ. നിഖിൽ ദാസ് എന്നിവർ സംസാരിച്ചു. ടൂറിസം ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ സ്വാഗതവും ടൂറിസം ഇൻഫർമേഷൻ ഓഫീസർ ജിജി എ.ജി നന്ദിയും പറഞ്ഞു.