ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയൊരുക്കി ആലങ്ങാട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ 29 ഹരിത കർമ്മ സേനാംഗങ്ങൾക്കാണ് ഇൻഷുറൻസ് കാർഡുകൾ വിതരണം ചെയ്തത്.
50000 രൂപ ഹരിത കർമ്മ സേന കൺസോഷ്യം മുഖേനയും 50000 രൂപ കുടുംബശ്രീ ഫണ്ടും ഉപയോഗപ്പെടുത്തിയാണ് ഓരോ അംഗങ്ങൾക്കും ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എം മനാഫ് കാർഡുകൾ കൈമറി.
അജൈവ മാലിന്യങ്ങൾക്കെതിരെ പോരാടുന്ന ഹരിത കർമ്മ സേന അംഗങ്ങൾക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഫണ്ട് വകയിരുത്തി ജാക്കറ്റുകളും റെയിൻകോട്ടുകളും വാങ്ങി വിതരണം ചെയ്തിട്ടുണ്ട്. പഞ്ചായത്തിലെ 21 വാർഡുകളിലായി പ്രവർത്തിക്കുന്ന 42 സേനാംഗങ്ങൾക്ക് റെയിൻകോട്ടുകളും ജാക്കറ്റുകളും ലഭിച്ചു.
ക്ലീൻ ആലങ്ങാട് പദ്ധതിയുടെ ഭാഗമായി നിരവധി ശുചീകരണപ്രവർത്തനങ്ങളാണ് ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ നടക്കുന്നത്. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ആലങ്ങാട് ഗ്രാമപ്പഞ്ചായത്തിനെ സമ്പൂർണ ശുചിത്വ വലിച്ചെറിയൽമുക്ത ഗ്രാമമായി കഴിഞ്ഞ മെയ് മാസത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്.