ഗ്രാമീണ മേഖലയിൽ ആരോഗ്യ പരിപാലനത്തിന് ഓപ്പൺ ജിമ്മുകൾ കൂടുതൽ സൗകര്യമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആവോലി ഡിവിഷനിലെ മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിൽ സ്ഥാപിച്ച ഓപ്പൺ ജിം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പഞ്ചായത്തിന്റെ ഇത്തരം പദ്ധതികൾ ഏറെ പ്രശംസനീയമെന്നും അദ്ദേഹം പറഞ്ഞു. മഞ്ഞള്ളൂർ വയോജന പാർക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിലെ വയോജന പാർക്കിലാണ് ഓപ്പൺ ജിം സ്ഥാപിച്ചത് . ജില്ലയിൽ 28 കേന്ദ്രങ്ങളിലായി വ്യായാമം ചെയ്യുന്നതിനു
ഉയർന്ന ഗുണനിലവാരമുള്ള പത്ത് ഉപകരണങ്ങൾ വീതമാണ് സ്ഥാപിച്ചത് . സ്ത്രീകൾ ഉൾപ്പെടെ ഏതൊരാൾക്കും ഈ ഓപ്പൺ ജിമ്മിൽ വ്യായാമം ചെയ്യാം. പത്ത് ഉപകരണങ്ങളാണ് ഓപ്പൺ ജിമ്മിൽ ഒരുക്കിയിരിക്കുന്നത്. മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ്,
മുവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി.പി എൽദോസ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി തന്നിട്ടാംമാക്കൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ജോസി ജോളി, പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷരായ സെലിൻ ഫ്രാൻസിസ്, ജയമോൾ സന്തോഷ്‌, മാത്യു കോട്ടപ്പിള്ളിൽ, ജോസ് പെരുമ്പിള്ളിക്കുന്നേൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു ഗോപി, രതീഷ് മോഹൻ, ജാസ്മിൻ റെജി, കെ.എൻ.അനിൽകുമാർ, കെ.വി.സുനിൽ , അനിതാ റെജി, പി.എസ്.സുധാകരൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷൈജു വർഗ്ഗീസ്,
മറ്റ് ജനപ്രതിനിതികൾ, വിവിധ രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.