‘ഹൈ ടൈഡ്’ പ്രൊജക്ട് ലോഞ്ചിംഗ്  മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു

ഇന്ത്യയിലെ ഏതൊരു നിയമസഭാ മണ്ഡലത്തിനും മാതൃകയാക്കാവുന്ന ബേപ്പൂർ മോഡലായി ‘ഹൈ ടൈഡ്’ പദ്ധതിയെ മാറ്റുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബേപ്പൂർ മാതൃകാ ഭിന്നശേഷി സൗഹൃദ മണ്ഡലം പ്രൊജക്ടായ’ ബേപ്പൂർ ഹൈ ടൈഡ്’ ലോഞ്ചിംഗ്  നിർവഹിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാർക്കായി നടപ്പിലാക്കാൻ സാധിക്കുന്ന ക്ഷേമ പദ്ധതികൾ, നിയമപരമായ അവകാശങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനുവേണ്ടി സർക്കാർ എല്ലാ നിലയിലും ഇടപെട്ടു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. എല്ലാ ഇടവും ഭിന്നശേഷിക്കാർക്ക് കൂടി പ്രാപ്യമാക്കുക എന്നത് ഒരു വികസിത സമൂഹത്തിന്റെ നിർബന്ധിത ബാധ്യതയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഒരു പ്രധാനപ്പെട്ട ഉത്തരവാദിത്തം നിർവഹിക്കുക എന്ന ഉത്തമ ബോധ്യത്തോടെ എല്ലാവരും ഈ പദ്ധതിക്കായി ഇടപെടണമെന്ന് മന്ത്രി പറഞ്ഞു. ഫറോക്ക് മുനിസിപ്പാലിറ്റി ചെയർമാൻ എൻ.സി അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു.

നല്ലളം കെ.എസ്.ഇ.ബി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സി ആർ സി ഡയറകടർ ഡോ. റോഷൻ ബിജ്ലി പദ്ധതി അവതരിപ്പിച്ചു. സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ് എച്ച് പഞ്ചാപകേശൻ മുഖ്യാതിഥിയായി. രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ബുഷ്റ റഫീഖ്, കോർപ്പറേഷൻ സ്ഥിരം സമിതി അംഗങ്ങളായ ദിവാകരൻ പി, പി.സി രാജൻ, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഷ്‌റഫ്‌ കാവിൽ എന്നിവർ സംസാരിച്ചു. എസ് എസ് കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റര്‍ ഡോ. അബ്ദുള്‍ ഹക്കീം സ്വാഗതവും കൗൺസിലർ ടി.കെ ഷെമീന നന്ദിയും പറഞ്ഞു.