ഓണക്കാലത്തെ ഗതാഗത തിരക്ക് നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. നഗരത്തിലെ അനധികൃത പാർക്കിംഗ് ഉൾപ്പെടെയുള്ളവക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം. സിസി പെർമിറ്റ് ഇല്ലാത്ത ഓട്ടോറിക്ഷകൾ യാത്രക്കാരെ കയറ്റുന്ന സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നും മെമ്പർമാർ ആവശ്യപ്പെട്ടു.

സി എച്ച് മേൽപ്പാലത്തിന്റെ പണി നടക്കുന്നതിനാൽ ഗതാഗത കുരുക്ക് വർധിച്ചെന്നും കൂടുതൽ ട്രാഫിക്ക് പോലീസിനെ വിവിധ സ്ഥലങ്ങളിലായി തിരക്ക് നിയന്ത്രിക്കാൻ നിയോഗിക്കാമെന്നും എസിപി സുദർശൻ മറുപടി നൽകി. ഓണത്തോടനുബന്ധിച്ച് സബ്‌സിഡി നിരക്കിൽ സപ്ലൈക്കോ ഓണച്ചന്തകൾ സംഘടിപ്പിക്കണമെന്ന ആവശ്യം ബന്ധപ്പെട്ട വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.

കോഴിക്കോട്-പാലക്കാട് ഗ്രീൻ ഫീൽഡ് ഹൈവേയുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ലഭിക്കുന്നത് വൈകുന്നതു സംബന്ധിച്ച് യോഗത്തിൽ പരാതി ഉയർന്നു. വിഷയം എൽ.എ എൻ.എച്ച് തഹസിൽദാരുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് അഡീഷണൽ തഹസിൽദാർ അറിയിച്ചു. കുന്ദമംഗലം നഗരത്തിൽ ദേശീയപാതയിലെ ടാറിംഗ് കഴിഞ്ഞുള്ള ഭാഗത്ത് ക്രോൺക്രീറ്റ് ചെയ്യുന്ന കാര്യം പരിഗണിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.

കുന്ദമംഗലം എംസിഎഫ് സ്ഥാപിക്കാനായി സ്ഥലം ലീസിനായി കിട്ടുന്ന കാര്യം പരിഗണിക്കണമെന്നും ആവശ്യം ഉയർന്നു. കുമാരനെല്ലൂരിലെ മിച്ചഭൂമി ഭൂരഹിതർക്ക് പതിച്ചുനൽകുന്നത് സംബന്ധിച്ചും ഫറോക്കിൽ ബൈപ്പാസ് നിർമ്മിക്കുന്നതിനെകുറിച്ചും യോഗം ചർച്ച ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ഒഴിവുകൾ നികത്താൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ കലക്ടറുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരാനും യോഗം തീരുമാനിച്ചു.

ഭൂരേഖ തഹസിൽദാർ ശ്രീകുമാർ, താലുക്ക് വികസന സമിതി അംഗങ്ങൾ, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.