2022-23ൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച മത്സ്യത്തൊഴിലാളികളുടെ  മക്കൾക്കുള്ള ‘മികവ് 2023’ മത്സ്യഫെഡ് വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. തീരദേശമേഖലയിൽ നിന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ മാത്രമല്ല മറ്റു മേഖലകളിൽ ജോലി ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥരെ കൂടി വാർത്തെടുക്കണമെന്ന് മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി മേഖലയുടെ മുഖഛായ മാറ്റിയെടുക്കുന്നതിനുള്ള നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നുണ്ട്. വിദ്യാഭ്യാസം നേടിയവർക്ക് അതത് മേഖലയിൽ മികച്ച തൊഴിൽ അവസരം ലഭ്യമാക്കുന്നതിന് തൊഴിൽ തീരം പദ്ധതിയിലൂടെ തൊഴിൽ മേളകൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കായിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡും മന്ത്രി വിതരണം ചെയ്തു.

ഭട്ട് റോഡ് സമുദ്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ അധ്യക്ഷത വഹിച്ചു. മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായി.

മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ ഇർഷാദ് എം.എസ് റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർ എം.കെ മഹേഷ്, സി ഐ ബാബുരാജ്, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ സുനീർ വി, മത്സ്യത്തൊഴിലാളി മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു. മത്സ്യഫെഡ് ഭരണസമിതി അംഗം വി.കെ മോഹൻദാസ് സ്വാഗതവും മത്സ്യഫെഡ് ജില്ലാ മാനേജർ മനോജ് ഇ നന്ദിയും പറഞ്ഞു.