വയനാട്: സംസ്‌കൃത പഠനത്തില്‍ മികവു തെളിയിച്ച അഞ്ചു മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയാണ് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയത്. ഇതോടൊപ്പം സര്‍വകലാശാല നടത്തുന്ന സൗജന്യ സംസ്‌കൃത പഠന കോഴ്‌സുകളുടെ ഉദ്ഘാടനവും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. സര്‍വകലാശാലയുടെ ജില്ലാതല മാതൃകാ പഠനകേന്ദ്രമായ മീനങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍ അദ്ധ്യക്ഷത വഹിച്ചു.
സംസ്‌കൃത പഠനകേന്ദ്രം അനൗപചാരിക പഠന കോഴ്‌സിലെ വിദ്യാര്‍ത്ഥിയും സോപാന സംഗീത പുരസ്‌കാര ജേതാവുമായ ചന്ദ്രശേഖരമാരാരെ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലിസി പൗലോസ് ആദരിച്ചു. സംസ്‌കൃത സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ടി.പി രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. കൊയിലാണ്ടി പ്രാദേശിക കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഇ. സുരേഷ് ബാബു പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം മിനി സാജു, സംസ്‌കൃത കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എം.ഡി ദിലീപ്, ഹെഡ്മാസ്റ്റര്‍ കെ.എം നാരായണന്‍, കെ.ടി ബിനു, മനോജ് ചന്ദനക്കാവ്, സെലിന്‍ പാല, കെ. അനില്‍കുമാര്‍, ടി.വി കുര്യാക്കോസ്, എസ്. ശിവകല, ടി.ജി സജി എന്നിവര്‍ സംസാരിച്ചു.