വയനാട്: കോഫി ബോര്‍ഡിന്റെയും വേവിന്‍ കോഫി പ്രൊഡ്യൂസര്‍ കമ്പനിയുടെയും നേതൃത്വത്തില്‍ കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടത്തിയ ജില്ലാതല കാപ്പി ദിനാഘോഷത്തില്‍ നാലു വനിതാ സംരംഭകരെ ആദരിച്ചു. കല്‍പ്പറ്റ മണിയങ്കോട് ഗ്രീന്‍ ഗോള്‍ഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഉടമ ശാന്തി പാലക്കല്‍, പ്രണവം കോഫി വര്‍ക്‌സ് ഉടമ വെള്ളമുണ്ട മംഗലശ്ശേരി മേച്ചിലാട്ട് രമാവതി, ഗൂഡല്ലൂര്‍ റോക്ക് ലാന്‍ഡ്‌സ് കോഫി കമ്പനി ഉടമ ഡോ. എം. സ്മിത, 2017ല്‍ കോഫി ബോര്‍ഡിന്റെ ഫ്‌ളേവര്‍ ഓഫ് ഇന്ത്യ ഫൈന്‍ കപ്പ് പുരസ്‌കാരം നേടിയ മാനന്തവാടി കൊയിയേരി പുതിയിടത്ത് ജ്വാലിനി നേമചന്ദ്രന്‍ എന്നിവരെയാണ് കൃഷി ജാഗരണ്‍ മാസിക ഉള്‍പ്പെടെ പ്രസിദ്ധീകരിക്കുന്ന അഗ്രികള്‍ച്ചര്‍ വേള്‍ഡിന്റെ സഹകരണത്തോടെ ആദരിച്ചത്. സ്വന്തമായുള്ള പത്ത് ഏക്കര്‍ കാപ്പിത്തോട്ടത്തില്‍ ഉല്‍പാദിപ്പിക്കുന്ന റോബസ്റ്റ കാപ്പി സംസ്‌കരിച്ച് കയറ്റുമതി ചെയ്തുവരികയാണ് ശാന്തി പാലക്കല്‍. രണ്ടുവര്‍ഷം മുമ്പാണ് കയറ്റുമതി ആരംഭിച്ചത്. സിംഗപ്പൂരിലെ മെര്‍സ്‌ക് കപ്പല്‍ കമ്പനി അവരുടെ കപ്പലുകളില്‍ സ്ഥിരമായി ഉപയോഗിക്കുന്നത് ശാന്തി കയറ്റുമതി ചെയ്യുന്ന കാപ്പിയാണ്. സംരംഭകയായി വളര്‍ന്ന കാപ്പി മില്‍ തൊഴിലാളിയാണ് മേച്ചിലാട്ട് രമാവതി. കോഴിക്കോട് സ്വദേശി മക്കിയാട് ആരംഭിച്ച കാപ്പി മില്ലിലായിരുന്നു രമാവതിക്കു ജോലി. ഉടമ വയനാട് വിട്ടപ്പോള്‍ മില്ല് ഏറ്റെടുത്ത അവര്‍ ചുരുങ്ങിയ കാലത്തിനകം സംരംഭക എന്ന നിലയില്‍ മികവ് തെളിയിക്കുകയായിരുന്നു. ഡെറാഡൂണിലെ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു ഫോറസ്റ്റ് ബയോ ടെക്‌നോളജിയില്‍ ഡോക്ടറേറ്റ് നേടിയ സ്മിത ബംഗളൂരുവില്‍ നിന്നു കോഫി റോസ്റ്റിംഗില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും പൂര്‍ത്തിയാക്കിയ ശേഷമാണ് 2016ല്‍ സംരംഭകയായത്. നീലഗിരിയില്‍ സ്വന്തമായുള്ള 50 ഏക്കര്‍ തോട്ടത്തിലെ കാപ്പിയാണ് റോസ്റ്റഡ് സിയന്ന എന്ന പേരില്‍ ഇവര്‍ ബ്രാന്‍ഡ് ചെയ്തു വില്‍ക്കുന്നത്. കര്‍ഷകര്‍ക്കിടയില്‍ ഡോ. സ്മിതയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണവും നടത്തുന്നുണ്ട്.
റോബസ്റ്റ കാപ്പികൃഷിക്കു പ്രശസ്തമായ വയനാട്ടിലെ സ്വന്തം തോട്ടത്തില്‍ നിന്ന് വിളവെടുത്ത കാപ്പി സംസ്‌കരിച്ച് വിപണനം ചെയ്യുന്ന സംരംഭകയാണ് ജ്വാലിനി. ഏറ്റവും രുചിയുള്ള കാപ്പി തയാറാക്കിയാണ് അവര്‍ കോഫി ബോര്‍ഡ് പുരസ്‌കാരത്തിന് അര്‍ഹയായത്. വിമന്‍ ഇന്‍ കോഫി എന്നാതാണ് ഇത്തവണ അന്താരാഷ്ട്ര കോഫി ദിനാഘോഷ വിഷയം.
