ലോകവൃദ്ധദിനത്തിൽ തൃശ്ശൂരിൽ നിന്നെത്തിയ വയോജനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായുളള കൂടിക്കാഴ്ച പുത്തൻ അനുഭവമായി. പറപ്പൂരിലെ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുളള നൂറോളം വൃദ്ധരടങ്ങിയ വിനോദയാത്രാ സംഘമാണ് മുഖ്യമന്ത്രിയെ കാണാനെത്തിയത്.

സർക്കാർ വൃദ്ധമന്ദിരമുൾപ്പെടെ തൃശ്ശൂർ ജില്ലയിലെ വിവിധ അനാഥാലയങ്ങളിൽ നിന്നെത്തിയവരാണ് വിമാനമാർഗം തിരുവനന്തപുരത്ത് എത്തിയത്. ഓഫീസിലെത്തിയ ഇവരെ കോൺഫറൻസ് ഹാളിൽ സ്വീകരിച്ചിരുത്തിയ മുഖ്യമന്ത്രി സംസ്ഥാന സർക്കാരിന് വയോജനങ്ങളോടുള്ള കരുതൽ എടുത്തു പറഞ്ഞു.

‘ആയൂർദൈർഘ്യം കൂടുതലുളള കേരളത്തിൽ വയോജനങ്ങൾ നേരിടുന്ന ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്. അണുകുടുംബ സമ്പ്രദായത്തിൽ ഈ പ്രശ്‌നങ്ങൾ സങ്കീർണവുമാണ്. അവ സർക്കാർ ഗൗരവമായിത്തന്നെ കാണുന്നുണ്ട്. വൃദ്ധജനങ്ങൾക്ക് ഒത്തുകൂടാനുളള കേന്ദ്രങ്ങൾ, പകൽ വീട്, പരിചരണ സംവിധാനം എന്നിവ ഏർപ്പെടുത്തുന്നതോടൊപ്പം കൃത്യമായ ചികിത്സയും വൈദ്യപരിശോധനയും സംസ്ഥാനവ്യാപകമായി ഏർപ്പെടുത്തുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ട്. സന്നദ്ധപ്രവർത്തകരുടെ കൂടി സഹകരണത്തോടെ ഇവ യാഥാർത്ഥ്യമാക്കാൻ കഴിയും. വലിയ ജീവിതാനുഭവങ്ങളുളള നിങ്ങളെ നേരിൽ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്’ – മുഖ്യമന്ത്രി പറഞ്ഞു. നൂറു വയസ്സു തികഞ്ഞ മുതിർന്ന സംഘാംഗമായ അടിമയെ ഷാൾ അണിയിച്ച് മുഖ്യമന്ത്രി ആദരിച്ചു.

ഒക്‌ടോബർ ഒന്നിന് രാവിലെ തൃശ്ശൂരിൽ നിന്ന് പുറപ്പെട്ട യാത്രാസംഘം കാഴ്ചബംഗ്ലാവ്, മ്യൂസിയം, സെക്രട്ടറിയേറ്റ്, നിയമസഭാമന്ദിരം, പത്മനാഭസ്വാമി ക്ഷേത്രം, ശംഖുമുഖം എന്നിവിടങ്ങളിൽ സന്ദർശിച്ച് തിങ്കളാഴ്ച തന്നെ ട്രെയിനിൽ മടങ്ങി.

പതിനഞ്ച് വർഷമായി പ്രവർത്തിച്ചുവരുന്ന കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വൃദ്ധർക്ക് പകൽ സമയത്ത് ഒത്തുകൂടാൻ പകൽ വീടും താമസം നൽകി സംരംക്ഷിക്കുന്നതിനായി കാരുണ്യ ഭവനും പ്രവർത്തിച്ചുവരുന്നുണ്ടെന്ന് ഭാരവാഹികളായ പ്രസിഡന്റ് സി.ടി. ചേറു, സെക്രട്ടറി പി.ഒ. സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് സി.വി. മുകുന്ദൻ, ട്രഷറർ എ.കെ. മുകുന്ദൻ എന്നിവർ പറഞ്ഞു. പി.കെ. ബിജു എം.പി, മുൻ എം.എൽ.എ. എൻ.ആർ ബാലൻ എന്നിവരോടൊപ്പമാണ് സംഘം മുഖ്യമന്ത്രിയെ കാണാനെത്തിയത്.