ഭരണഘടനയുടെ നിർദ്ദേശക തത്വങ്ങളിൽ പറയുന്ന ഏകീകൃത സിവിൽ കോഡു വേണോ വേണ്ടയോ എന്നതേയല്ല ഇപ്പോൾ സംഘപരിവാർ ഇതു ചർച്ചയാക്കുന്നതിനു പിന്നിലെ അജണ്ട.

ഭരണഘടനയിൽ പറയുന്ന പൊതു സിവിൽ നിയമമല്ല, സംഘപരിവാറിന്റെ മനസ്സിലുള്ള പൊതു സിവിൽ നിയമം. അതു മനുസ്മൃതി പ്രകാരമുള്ള ഒരു നിയമമാണ്. അതാകട്ടെ, സംഘപരിവാർ പണ്ടേതന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.
ഭരണഘടനാ ചർച്ചകൾ നടക്കുന്ന ഘട്ടത്തിൽത്തന്നെ ഇന്നത്തെ സംഘപരിവാറിന്റെ പൂർവരാഷ്ട്രീയ രൂപം അതിന്റെ പത്രത്തിന്റെ മുഖപ്രസംഗത്തിൽ പറഞ്ഞ ഒരു കാര്യമുണ്ട്. ഭരണഘടന രൂപപ്പെടുത്താൻ മാതൃക തേടി വിദേശ രാഷ്ട്രങ്ങളിലേക്കൊന്നും പോകേണ്ടതില്ല; നമ്മുടെ സ്വന്തം ബ്ലൂ പ്രിന്റ് ഇക്കാര്യത്തിൽ നമ്മുടെ മുമ്പിലുണ്ട്, അതു മനുസ്മൃതിയാണ്. ഇതായിരുന്നു അതിന്റെ ഉള്ളടക്കം. പിന്നീട് 1950 ഓടെ ഭരണഘടന രൂപപ്പെട്ടപ്പോഴോ? ആ ഭരണഘടനയെ തങ്ങൾ അംഗീകരിക്കുന്നില്ല എന്നു പറയാനും അവർക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.
ഭരണഘടനയെ അക്ഷരത്തിലും അർത്ഥത്തിലും തള്ളിപ്പറയുന്നവർ ഭരണഘടനയിലെ ഏതോ ഒരു കാര്യം നടപ്പാക്കാനിറങ്ങിയിരിക്കുകയാണ് എന്ന തെറ്റിദ്ധാരണയൊന്നും ആർക്കും വേണ്ട. അവർക്കു ഭരണഘടന മനുസ്മൃതിയാണ്. അതിലെ വ്യവസ്ഥകൾ പ്രകാരം ഇന്ത്യൻ സാമൂഹ്യഘടനയെ പുനഃക്രമീകരിക്കുകയാണ് അവർക്കു വേണ്ടത്.

സംഘപരിവാർ ഈ ഭരണഘടനയെത്തന്നെ അംഗീകരിക്കുന്നില്ല. പിന്നയല്ലേ, അതിലെ നിർദ്ദേശക തത്വങ്ങളും സിവിൽ കോഡും. സംഘപരിവാർ എപ്പോഴും നടത്തുന്നതു ഭരണഘടനയ്ക്കെതിരായ നീക്കമാണ്. അവരുടെ ഭരണഘടനാ വിരുദ്ധ നീക്കങ്ങളുടെ, കടന്നാക്രമണങ്ങളുടെ പട്ടികയിലെ ഒന്നു മാത്രമാണിത്. അതല്ലാതെ, ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങളിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യം നടപ്പിലാക്കിയെടുക്കാനോ, ഭരണഘടനയെ ശക്തിപ്പെടുത്താനോ ഒന്നും ഉള്ളതല്ല. ശരിയത്തോ, മുസ്ലീം വ്യക്തിനിയമമോ, ഭരണഘടനയോ ഒന്നുമല്ല, ഇവരുടെ ചർച്ചയുടെ ഫോക്കസ്. ഒരു ഹിന്ദുവർഗ്ഗീയ ചാതുർവർണ്യ നിയമത്തിൽ എല്ലാ ഇതര മതക്കാരെയും ഞെരിച്ചമർത്തുക എന്നതാണ്.
2025 ൽ ആർ എസ് എസ് ശതാബ്ദിയാണ്. അപ്പോഴേക്കു ചെയ്തു തീർക്കേണ്ട മൂന്നു കാര്യങ്ങൾ ഇവർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും ഇടകലർന്നു ജീവിക്കുന്ന ഇന്ത്യൻ മതേതരത്വത്തിന്റെ പ്രതീകങ്ങളെയാകെ തകർക്കുക എന്നതാണത്. ആ മതനിരപേക്ഷ പ്രതീകങ്ങളിലൊന്നായിരുന്നു ബാബറിമസ്ജിദ്. അതു തകർത്തു. മറ്റൊന്നാണ് മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കാശ്മീർ വിഭജനാനന്തരവും ഇന്ത്യയ്ക്കൊപ്പം നിൽക്കുന്നത്. ആ കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയലായിരുന്നു രണ്ടാമത്തേത്. അതു ചെയ്ത് കാശ്മീരിനെ ഖണ്ഡങ്ങളാക്കി.
മൂന്നാമത്തേതാണ് ഭരണഘടനയെ മനുസ്മൃതി കൊണ്ടു പകരംവയ്ക്കുക എന്നത്. ആ നിലയ്ക്ക് ഭരണഘടനയ്ക്കെതിരായ ഒരു കടന്നാക്രമണം എന്ന നിലയിലാണ് ഇതിനെ കാണേണ്ടത്. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള സംഘപരിവാറിന്റെ ചിരകാല സ്വപ്നത്തിന്റെ സാക്ഷാത്ക്കാരത്തിനു വേണ്ടിയുള്ള വ്യഗ്രതയിലാണ് അവരിപ്പോൾ.
ഇവിടെയുണ്ടായിരുന്നതും ലോകത്തിന്റെ പല പ്രദേശങ്ങളിൽ നിന്ന് പല ഘട്ടങ്ങളിലായി ഇവിടെ വന്നുചേർന്നതുമായ വിവിധ സംസ്‌കാരങ്ങൾ അടങ്ങിയതാണ് ഇന്നത്തെ ഇന്ത്യൻ സമൂഹം. ചരിത്രപരവും സാമൂഹ്യശാസ്ത്രപരവുമായ ആ യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ടാണ് ദേശീയ പ്രസ്ഥാനത്തിന്റെ കാലത്ത് നാനാത്വത്തിൽ ഏകത്വം എന്ന ചിന്ത രൂപപ്പെട്ടു വന്നത്. ഉൾച്ചേർക്കലിൽ അടിസ്ഥാനപ്പെട്ട ആ കാഴ്ചപ്പാടാണ് ഇന്ത്യയുടെ ഏറ്റവും വലിയ സവിശേഷത. ആ കാഴ്ചപ്പാടിനെ ദൃഢപ്പെടുത്തുന്ന വിധത്തിലാണ് ഇന്ത്യൻ ഭരണഘടനയിൽ വിവിധ ഭാഷകളെയും, സംസ്‌കാരങ്ങളെയും, ജനവിഭാഗങ്ങളെയും ഒക്കെ ഉൾക്കൊള്ളുന്നതും അവയ്ക്ക് പ്രത്യേക പരിഗണനയോ സംരക്ഷണമോ വേണമെങ്കിൽ അത് ഉറപ്പുവരുത്തുന്നതുമായ സമീപനം കൈക്കൊണ്ടത്.
അത്തരമൊരു പൊതുവായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ ഭരണഘടനയുടെ 21-ാം ഭാഗത്തിൽ ചില പ്രത്യേക വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്. അവയിൽ പ്രധാനപ്പെട്ടവയാണ് 370-ാം വകുപ്പും 371-ാം വകുപ്പും 371 എ മുതൽ ഐ വരെയുള്ള വകുപ്പുകളും. അവയിൽ ജമ്മു കശ്മീരിനു ബാധകമായിരുന്ന 370-ാം വകുപ്പിനെ ഇപ്പോഴത്തെ കേന്ദ്ര സർക്കാർ അസാധുവാക്കിയ നടപടി നമ്മുടെ എല്ലാം ഓർമ്മയിലുണ്ട്. ഇപ്പോൾ ഏക സിവിൽ കോഡിനായി വാദിക്കുന്നവർ തന്നെയാണ് 370-ാം വകുപ്പ് എടുത്തുകളഞ്ഞ നടപടിയെ ന്യായീകരിക്കാനായി മുന്നിൽ നിന്നത്. ഇന്ത്യയുടെ ഏകീകരണത്തിന് ഉപകരിക്കും എന്നു പറഞ്ഞ് അതിനെ സ്വാഗതം ചെയ്ത സംഘപരിവാർ ഇതര രാഷ്ട്രീയ ശക്തികൾക്കു പോലും, തങ്ങളുടെ സംസ്ഥാനങ്ങളിൽ സമാനമായ നടപടികൾ കൈക്കൊള്ളാൻ കേന്ദ്ര സർക്കാർ തുടങ്ങിയതോടെ അതിന്റെ ആപത്ത് മനസ്സിലായി.
ഇന്ത്യൻ ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരം ആദിവാസി ജനവിഭാഗങ്ങൾക്കായി ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിലുകൾ രൂപീകൃതമായിട്ടുണ്ട്. ആസാം, മേഘാലയ, ത്രിപുര, മിസോറാം എന്നീ 4 സംസ്ഥാനങ്ങളിലായി 10 ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിലുകളാണ് ഇപ്പോൾ നിലവിലുള്ളത്. ഏക സിവിൽ കോഡ് വേണം എന്നു പറയുന്നവർ ഭരണഘടനാപരമായ ഈ ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിലുകൾ വേണ്ട എന്നു പറയുമോ?
അത് യാഥാർത്ഥ്യമായാൽ ആദിവാസികളുടെ ഭൂമിയും അതിലെ വിഭവങ്ങളും വേണം, എന്നാൽ അവരുടെ ജീവിതരീതികളും ഭക്ഷണക്രമവും അംഗീകരിക്കാനാവില്ല എന്ന പിന്തിരിപ്പൻ കാഴ്ചപ്പാട് മാറുമോ? അതോടെ ദളിതർക്കും ആദിവാസികൾക്കും പിന്നാക്കക്കാർക്കും എല്ലാം ആരാധനാലയങ്ങളിൽ കയറാനും പ്രാർത്ഥനകൾ നടത്താനും പ്രാർത്ഥനകൾക്ക് നേതൃത്വം കൊടുക്കാനുമൊക്കെ കഴിയുമോ?
ഏക സിവിൽ കോഡ് യാഥാർത്ഥ്യമായാൽ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്ള ആദിവാസികളുടെയും ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും പിന്നാക്കക്കാരുടെയും പ്രാതിനിധ്യക്കുറവ് പരിഹരിക്കപ്പെടുമോ? അതോടെ തൊഴിലിന്റെയും വസ്ത്രത്തിന്റെയും ജീവിത പങ്കാളിയുടെയും ഒക്കെ പേരിൽ ദളിതർ ആക്രമിക്കപ്പെടാതിരിക്കുമോ? അതോടെ ഖാപ് പഞ്ചായത്തുകളെ ഇല്ലാതാക്കുമോ? അതോടെ പിന്തുടർച്ച, രക്ഷാകർത്തൃത്വം, ദത്തെടുക്കൽ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഹിന്ദു സ്ത്രീകൾ അനുഭവിക്കുന്ന വിവേചനം ഇല്ലാതാകുമോ?
സച്ചാർ കമ്മിറ്റി നിർദ്ദേശിച്ച തുല്യ അവസര കമ്മീഷൻ ഇനിയും യാഥാർത്ഥ്യമായിട്ടില്ല. സംവരണം ഉൾപ്പെടെയുള്ള രംഗനാഥ് മിശ്ര കമ്മീഷന്റെ ശിപാർശകൾ ഇനിയും നടപ്പാക്കിയിട്ടില്ല. ഇതൊക്കെ സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങളുടെ ഇടയിൽ തുല്യത ഉറപ്പുവരുത്താൻ ഉപകരിക്കുന്ന നിർദ്ദേശങ്ങളും ശിപാർശകളും ആയിരുന്നു.
എന്നാൽ അവയിലേക്കൊന്നും കടക്കാതെ നേരെ ഏകീകരണം എന്ന മുദ്രാവാക്യവുമായി ഇറങ്ങിയിരിക്കുകയാണ്. സിവിൽ നിയമങ്ങൾ ഏകീകരിക്കണം എന്നു പറയുന്നവർ തന്നെയാണ് മുസ്ലീം സമുദായത്തിലെ വിവാഹമോചനത്തെ മാത്രം ക്രിമിനൽ കുറ്റമാക്കി മാറ്റിയത് എന്ന് നാം ഓർക്കണം. നിയമങ്ങൾ എല്ലാവർക്കും ഒരേപോലെ ബാധകമാകണം എന്നു പറയുന്ന ഇതേ ആളുകൾ തന്നെയാണ് എല്ലാവർക്കും ഒരേ പോലെ പൗരത്വം കൊടുക്കാൻ കഴിയില്ല എന്നു പറയുന്നത്.
നിയമങ്ങൾ എല്ലാവർക്കും ഒരേപോലെ ബാധകമാക്കുന്നതോടെ ഗുജറാത്തിലും മുസ്സഫർനഗറിലും നടന്നത് ഇനിയൊരിക്കലും നടക്കാതിരിക്കുമോ? അതോടെ കണ്ഡമാലും മണിപ്പൂരും ആവർത്തിക്കാതിരിക്കുമോ? ഇന്ത്യൻ സമൂഹത്തെ ബാധിക്കുന്ന ഇത്തരം കാതലായ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനോ അവ പരിഹരിക്കുന്നതിനോ വേണ്ട ക്രിയാത്മകമായ നടപടികൾ കൈക്കൊള്ളുന്നില്ല. എന്നാൽ അതേസമയം, ഏക സിവിൽ കോഡ് എന്നു പറഞ്ഞുകൊണ്ട് വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും രാഷ്ട്രീയ ലാഭം കൊയ്യാനുമാണ് സംഘപരിവാറും അവരുടെ ആജ്ഞാനുവർത്തികളായി അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരും ഇപ്പോൾ ശ്രമിക്കുന്നത്.
രാജ്യത്ത് പൊതു തെരഞ്ഞെടുപ്പുകൾ ആസന്നമാകുന്ന ഘട്ടങ്ങളിൽ എല്ലാം ജനങ്ങളെ ബാധിക്കുന്ന യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഇത്തരം നീക്കങ്ങളാണ് നടത്തപ്പെടുന്നത്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ബി ജെ പി അഴിമതിയെക്കുറിച്ച്, കള്ളപ്പണത്തെക്കുറിച്ച്, വിലക്കയറ്റത്തെക്കുറിച്ച്, സ്ത്രീ സുരക്ഷയെക്കുറിച്ച്, അങ്ങനെ പലതിനെയും കുറിച്ച് പറഞ്ഞിരുന്നു. എന്നാൽ, ഇതൊക്കെ പരിഹരിക്കാൻ എന്തു ചെയ്തു എന്നു പറയാൻ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഒരിക്കൽ പോലും ബി ജെ പി മുതിർന്നില്ല. അന്നവർ തീവ്രവാദത്തെക്കുറിച്ചും ദേശസുരക്ഷയെക്കുറിച്ചും ഒക്കെ പറഞ്ഞു.
ഇനി 2024 ൽ അവർ അതിനെക്കുറിച്ച് മിണ്ടില്ല എന്നു നമുക്കെല്ലാം അറിയാം. കാരണം, ഭീകരാക്രമണങ്ങൾ ഇപ്പോഴും ഉണ്ടാകുന്നു. ഇന്ത്യൻ സൈനികർ ഇപ്പോഴും കൊല്ലപ്പെടുന്നു. പുൽവാമയിൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നതിനെക്കുറിച്ച് പല ആക്ഷേപങ്ങളും ഇപ്പോൾ ഉയർന്നുവന്നിട്ടുണ്ട്. ഇതിനെയൊക്കെ അതിജീവിക്കാനുള്ള അവരുടെ അടുത്ത പരിപാടിയാണ് ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർത്തിക്കൊണ്ടുവന്നിരിക്കുന്ന ചർച്ചകൾ എന്നത് നാം മനസ്സിലാക്കണം.
ജനങ്ങളുടെ യഥാർത്ഥ ജീവൽപ്രശ്നങ്ങൾ ശ്രദ്ധയിൽ നിന്ന് ഒഴിവാക്കിവിടാനുള്ള തന്ത്രമാണിത്. ബി ജെ പിയും അവരുടെ സർക്കാരുകളും ഒരിക്കലും ദാരിദ്ര്യനിർമ്മാർജ്ജനത്തെക്കുറിച്ചോ തൊഴിലില്ലായ്മ ഇല്ലാതാക്കുന്നതിനെക്കുറിച്ചോ ദളിത് ജനവിഭാഗങ്ങൾ നിരന്തരം ആക്രമിക്കപ്പെടുന്നതിനെക്കുറിച്ചോ ഒന്നും പറയില്ല. രാജ്യം നേരിടുന്ന അത്തരം നീറുന്ന പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ മാറ്റിക്കാനുള്ള ഉപായം കൂടിയാണ് അവർക്കു കോമൺ സിവിൽ കോഡ്.
നിരവധി മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും ഭാഷകളുടെയും വംശങ്ങളുടെയും സംഗമഭൂമിയാണ് ഇന്ത്യ. അവയെയൊക്കെ ഉൾക്കൊള്ളാനാണ് ഫെഡറൽ ഘടനയുള്ള മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി നമ്മുടെ ഭരണഘടനയിൽ ഇന്ത്യയെ വിഭാവനം ചെയ്തിരിക്കുന്നത്. ആ മൂല്യങ്ങളിൽ ഏതിനെതിരെ നീങ്ങിയാലും അത് ഭരണഘടനയ്‌ക്കെതിരായ നീക്കമാണ്. സംഘപരിവാറാകട്ടെ അവയിൽ എല്ലാത്തിനും എതിരായ നീക്കങ്ങളാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ അത്തരം എല്ലാ നീക്കങ്ങൾക്കും എതിരെ തികഞ്ഞ ജാഗ്രതയോടെയുള്ള പ്രതിരോധമാണ് ഈ ഘട്ടത്തിൽ ആവശ്യമായിട്ടുള്ളത്.
കേരളമാകെ അത്തരത്തിലുള്ള ജാഗ്രത പുലർത്തുന്നുണ്ട് എന്നതിന്റെ തെളിവായി കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം അംഗീകരിക്കണം എന്നാണ് അഭ്യർത്ഥിക്കാനുള്ളത്. ഇന്ത്യയിലാകെയുള്ള ജനാധിപത്യ മതനിരപേക്ഷവാദികൾ ആഗ്രഹിക്കുന്നതും അതുതന്നെയാണ്.