മേരി മിട്ടി മേരാ ദേശ് പരിപാടിയുടെ ഭാഗമായി കുറുമാത്തൂര്‍ പഞ്ചായത്ത് മഴൂര്‍ പച്ചത്തുരുത്തില്‍ വസുധ വന്ദന അമൃതവാടിക ഒരുക്കി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യമെമ്പാടും  നടത്തുന്ന പരിപാടികള്‍ക്ക് സമാപനം കുറിച്ചാണ് മേരി മിട്ടി മേരാ ദേശ്-എന്റെ മണ്ണ് എന്റെരാജ്യം’ – ഭൂമിക്ക് വന്ദനം വീരര്‍ക്ക് അഭിവാദനം എന്ന പേരില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

കുറുമാത്തൂര്‍ ഗ്രാമ പഞ്ചായത്തും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും നെഹ്‌റു യുവകേന്ദ്രയും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പാച്ചേനി രാജീവന്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. രാജ്യത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച സ്വാതന്ത്ര്യ സമര പോരാളികളുടെയും രാജ്യസുരക്ഷക്കു വേണ്ടി ജീവത്യാഗം ചെയ്തവരുടെയും ഓര്‍മക്കായി 75 തരം വൃക്ഷത്തൈകളാണ് നട്ടു പിടിപ്പിച്ചത്.

ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി മോഹനന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത്  വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പ്രസന്ന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി എസ് സ്മിത, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി ലക്ഷ്മണന്‍, വാര്‍ഡ് മെമ്പര്‍ വി വി ഗോവിന്ദന്‍, എം ജി എന്‍ ആര്‍ ഇ ജി എസ് ഓവര്‍സിയര്‍ പി പി വിശാഖ്, എം ജി എന്‍ ആര്‍ ഇ ജി എസ് ജീവനക്കാര്‍, തൊഴിലുറപ്പ്‌തൊഴിലാളികള്‍, പ്രദേശവാസികള്‍ എന്നിവര്‍ പങ്കെടുത്തു.