എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ എഴുപത്തിഏഴാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് മെഡിക്കൽ കോളേജ് അങ്കണത്തിൽ പ്രിൻസിപ്പൽ ഡോ. എസ്. പ്രതാപ് പതാക ഉയർത്തി സ്വാതന്ത്ര്യ ദിനസന്ദേശം നൽകി. തുടർന്ന് ദേശീയ ആരോഗ്യ ദൗത്യവും സംസ്ഥാന ആരോഗ്യ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന “മാതൃയാനം”പദ്ധതിയുടെ ഉദ്ഘാടനവും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നിർവഹിച്ചു.
നവജാത ശിശുവിനെയും അമ്മയെയും സുരക്ഷിതമായി വീട്ടിൽ എത്തിക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന ജനനി ശിശു സുരക്ഷാ കാര്യകാരം പദ്ധതി പ്രകാരം മുൻകാലങ്ങളിൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആകുമ്പോൾ യാത്രാ ചെലവിനായി 500രൂപയാണ് നൽകിയിരുന്നത്. എന്നാൽ ഇത് ദീർഘ ദൂര യാത്രക്ക് തികയാതെ വന്നിരുന്നു ആയതിനാൽ ഇനി മുതൽ കുഞ്ഞിന്റെ ആദ്യ യാത്ര പൂർണമായും സർക്കാർ ചെലവിൽ തന്നെ ടാക്സിയിൽ വീട്ടിൽ എത്തിക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന “അമ്മയും കുഞ്ഞും” പദ്ധതിയുടെ തുടർച്ചയാണ് മാതൃയാനം പദ്ധതി. ടാക്സി ഉടമകളും മെഡിക്കൽ കോളേജും തമ്മിലുള്ള കരാറിലാണ് പദ്ധതി നടത്തിപ്പ്.
ദൂരെ സ്ഥലങ്ങളിൽ നിന്നും മെഡിക്കൽ കോളേജിൽ എത്തുന്ന അമ്മക്ക് പ്രസവാനന്തരം കുഞ്ഞുമായി സുരക്ഷിതമായി വീട്ടിൽ എത്തിച്ചേരാൻ ഈ പദ്ധതി സഹായകമാണ്.