സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ മുൻകൂട്ടികണ്ടു പ്രതിരോധം ഒരുക്കുന്നതിൽ പൊതുജനാഭിപ്രായരൂപീകരണം വളരെ പ്രധാനമെന്ന് ദേശീയ വനിതാ കമ്മീഷൻ മെമ്പർ സെക്രട്ടറി മീനാക്ഷി നെഗി. സ്ത്രീകൾക്കെതിരെ ആക്രമണങ്ങളും വിവേചനങ്ങളും സംഭവിച്ചു കഴിഞ്ഞശേഷം നടപടി എടുക്കുന്നതിലുപരി ആക്രമണങ്ങൾ മുൻകൂട്ടികണ്ടു പ്രതിരോധിക്കാനാണ് കമ്മീഷൻ ശ്രമിക്കുന്നത്.  മോശം സംഭവങ്ങളുണ്ടാകുന്നതു വരെ കാത്തിരിക്കാൻ ആവില്ല. അത്തരത്തിൽ പ്രതിരോധം ഒരുക്കണമെങ്കിൽ ശക്തമായ പൊതുജനാഭിപ്രായം രൂപീകരിക്കേണ്ടതുണ്ട്. വലിയതോതിൽ ബോധവൽക്കരണം നടത്തേണ്ടതുണ്ട്. ചതിക്കുഴികളെക്കുറിച്ച് ബോധവൽക്കരണം നടത്തുക, അത് സമൂഹം ഉൾക്കൊള്ളുക എന്നത് സുപ്രധാനമാണ്, നെഗി ചൂണ്ടിക്കാട്ടി.

       ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും വനിതാ കമ്മീഷനുകളുടെ റീജ്യനൽ മീറ്റിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അവർ. ദേശീയ വനിതാ കമ്മീഷൻ സംഘടിപ്പിച്ച പരിപാടിക്ക് ആതിഥ്യം വഹിച്ചത് സംസ്ഥാന വനിതാ കമ്മീഷനാണ്.  കശ്മീരിലേക്ക് കടത്തിക്കൊണ്ടു വരുന്ന സ്ത്രീകളിൽ കൂടുതലും കിഴക്കൻ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്ന് നെഗി ചൂണ്ടിക്കാട്ടി.

       സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ ഭാഷയുടെയോ സംസ്ഥാനത്തിന്റെയോ അതിർത്തികൾ ഭേദിക്കുന്നതാണ്.  ശ്രീനഗറിൽ നിന്നും രക്ഷപ്പെടുത്തുന്ന പെൺകുട്ടികളിൽ കൂടുതൽ പേരും കിഴക്കൻ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. മികച്ച ജോലി, വിവാഹം, നല്ല ജീവിതം എന്നീ വ്യാജ വാഗ്ദാനങ്ങൾ നൽകിയാണ് അവരെ കൊണ്ടു പോകുന്നത്.   കൂടിയാലോചനാ യോഗത്തിൽ നിന്നും ഉരുത്തിരിയുന്ന നിർദേശങ്ങൾ ക്രോഡീകരിച്ച് ദേശീയ വനിതാ കമ്മീഷൻ ആവിഷ്‌കരിക്കുന്ന പദ്ധതികളിൽ ചേർക്കുമെന്നും മീനാക്ഷി നെഗി പറഞ്ഞു. യോഗം മുഖ്യമായും സ്വാധാർ ഗൃഹ്, ഉജ്ജ്വല സ്‌കീം നടപ്പാക്കുന്ന കേന്ദ്രങ്ങൾ, വൺ സ്റ്റോപ്പ് സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ചാണ് നടന്നത്. ആക്രമണങ്ങൾക്കു വിധേയരായ സ്ത്രീകൾക്ക് വേണ്ടിയുള്ള അഭയ കേന്ദ്രമാണ് സ്വാധാർ ഗൃഹ്. ഉജ്ജ്വൽ സെന്ററുകൾ ട്രാഫിക്കിങ്ങിനു വിധേയരായ സ്ത്രീകൾക്കുള്ള ആശ്രയകേന്ദ്രമാണ്.

       ഇത്തരമൊരു സുപ്രധാന കൂടിയാലോചനാ യോഗത്തിനു ആതിഥേയം വഹിക്കാൻ മുന്നോട്ടുവന്ന കേരള സംസ്ഥാന വനിതാ കമ്മീഷനെ നെഗി അഭിനന്ദിച്ചു. പരിപാടിയിൽ സംസാരിക്കവേ മണിപ്പൂരിലെ സംഘർഷ സ്ഥിതിയിൽ എല്ലാ ദുരിതങ്ങളും പേറേണ്ടിവരുന്ന സ്ത്രീകളുടെ കഠിനാവസ്ഥ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ മനുഷ്യാവകാശ ലംഘനമാണ് വലിയതോതിൽ അവിടെ നടക്കുന്നത്.  ഇത് സമൂഹത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്നു.  അക്രമത്തിനിരയായ സ്ത്രീകളെ പിന്തുണയ്ക്കാൻ

എല്ലാവരും ഏകമനസ്സോടെ മുന്നോട്ടുവരണമെന്നും കൂടുതൽ ലിംഗസമത്വം പുലരുന്ന സമൂഹം കെട്ടിപ്പടുക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അവർ പറഞ്ഞു.

       തമിഴ്‌നാട് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ ടി കുമാരി,  കേരള സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ മഞ്ജു പ്രസന്നൻ പിള്ള, സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, ഡയറക്ടർ പ്രിയങ്ക ജി, സംസ്ഥാന വനിതാ കമ്മീഷൻ മെമ്പർ സെക്രട്ടറി സോണിയ വാഷിങ്ടൺ എന്നിവർ പങ്കെടുത്തു. സംസ്ഥാന വനിതാ കമ്മീഷൻ അംഗങ്ങളായ ഇന്ദിരാ രവീന്ദ്രൻ, പി. കുഞ്ഞായിഷ, എലിസബത്ത് മാമൻ മത്തായി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. കേരളത്തിന് പുറമേ തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷ്വദീപ്, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള എൻ.ജി.ഒകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.