വൈവിധ്യങ്ങളില്ലെങ്കിൽ ഇന്ത്യയില്ലെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ ദേശീയപതാക ഉയർത്തി വിവിധ സേനാവിഭാഗങ്ങളുടെ പ്രൗഢഗംഭീരമായ പരേഡിൽ അഭിവാദ്യം സ്വീകരിച്ച ശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി. വൈവിധ്യങ്ങളെ ഉൾക്കൊള്ളുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുക എന്നതാണ് നാം ഉയർത്തിപ്പിടിക്കുന്ന മൂല്യം. ജാതി, മത, വർഗ, വർണ, ഭാഷാ വ്യത്യാസമില്ലാതെ ഇന്ത്യൻ പൗരനായി നില കൊള്ളുക എന്നതാണ് നമ്മുടെ ദേശീയതയുടെ അടിത്തറ. സഹിഷ്ണുതയും സഹവർത്തിത്വവും പുലരുമെന്നാണ് നാം എടുക്കുന്ന പ്രതിജ്ഞ. ആ മൂല്യങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നതാണ് ഈ സ്വാതന്ത്ര്യദിനത്തിൽ നാം ഓരോരുത്തരുടെയും ഉത്തരവാദിത്തം. ഇന്ത്യ ഇന്ത്യയായി നിലനിൽക്കുമോ എന്ന ആശങ്ക ചില ചെയ്തികളാൽ സൃഷ്ടിക്കപ്പെട്ടതാണ് വർത്തമാനകാലം. നമ്മുടെ ഇന്ത്യയായി നിലനിർത്തുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം. നമ്മുടെ മൂല്യങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാൻ നമുക്ക് സാധിക്കും. മൂല്യങ്ങളിൽ പരമപ്രധാനമാണ് മതസാഹോദര്യം. ചുറ്റും ഉയരുന്ന വെല്ലുവിളികൾ നാം ഓരോരുത്തരേയും ഓർമ്മപ്പെടുത്തുന്നത് അതാണ്.

ജനങ്ങളുടെ ഐക്യത്തിനും മതസാഹോദര്യത്തിനും ലഭ്യമായ സമ്മാനം കൂടിയാണ് ഇന്ത്യൻ സ്വാതന്ത്ര്യം. വിവിധ ധാരകൾ കൂടിച്ചേർന്നതാണ് നമ്മുടെ സ്വാതന്ത്ര്യസമരം. വ്യത്യസ്തങ്ങളായ ആശയങ്ങൾ ഉൾച്ചേർന്നതാണ് നമ്മുടെ സ്വാതന്ത്ര്യസമര പോരാട്ടം. ജാതി, മത, ഭാഷ, വേഷ വ്യത്യാസങ്ങൾക്കതീതമായി ആ പോരാട്ടത്തെ നാം നെഞ്ചേറ്റി. ജനാധിപത്യം, മതനിരപേക്ഷത, ഫെഡറൽ വ്യവസ്ഥിതി എന്നിവയിൽ അധിഷ്ഠിതമായ ഭരണഘടനയാണ് നമ്മുടെ രാജ്യത്തിന്റെ കരുത്ത്. ദേശീയസ്വതന്ത്ര്യസമര പ്രസ്ഥാനം പകർന്നുനൽകിയ മൂല്യങ്ങളിൽനിന്നുമാണ് നമ്മുടെ മുന്നോട്ടുപോയിട്ടുള്ളത്. ഈ മൂല്യങ്ങളിൽ ഉറച്ച നിലപാടുകളാണ് നമ്മുടെ രാജ്യത്തെ വ്യത്യസ്തമാക്കിയിട്ടുള്ളത്. നമ്മുടെ മതനിരപേക്ഷ മൂല്യങ്ങളാണ് ഇന്ത്യയുടെ കരുത്തെന്നും മന്ത്രി പറഞ്ഞു.
പരേഡിൽ പോലീസ്, എക്‌സൈസ്, ജയിൽ, ഫോറസ്റ്റ്, എൻസിസി സീനിയർ, ജൂനിയർ, എസ്പിസി, സകൗട്ട്, ഗൈഡ്‌സ്, ജൂനിയർ റെഡ് ക്രോസ് ആൺകുട്ടികൾ, ജൂനിയർ റെഡ് ക്രോസ് പെൺകുട്ടികൾ എന്നിവയുടെ 33 പ്ലാറ്റൂണുകൾ അണിനിരന്നു. കണ്ണൂർ ഡിഎസ്‌സി സെൻററിന്റെ നേതൃത്വത്തിൽ സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസ്, കടമ്പൂർ എച്ച്എസ്എസ് എന്നിവർ ബാൻഡ് മേളവുമായി പരേഡിന് താളം പകർന്നു. ഇരിക്കൂർ പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ രാജേഷ് അയോടൻ പരേഡ് കമാൻഡൻറും കണ്ണൂർ സിറ്റി ഹെഡ് ക്വാർട്ടേഴ്‌സ് എസ്‌ഐ ധന്യ കൃഷ്ണൻ പരേഡ് അസി. കമാൻഡൻറുമായി.
ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, കണ്ണൂർ റൂറൽ പോലീസ് മേധാവി ഹേമലത, സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ എന്നിവരും അഭിവാദ്യം സ്വീകരിച്ചു. കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ, എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ പി മോഹനൻ, കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ, വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ, അസി. കലക്ടർ അനൂപ് ഗാർഗ്, എഡിഎം കെ കെ ദിവാകരൻ തുടങ്ങിയവർ സംബന്ധിച്ചു.

പരേഡിൽ സേനാ വിഭാഗത്തിൽ കണ്ണൂർ റൂറൽ, എൻസിസി സീനിയർ വിഭാഗത്തിൽ കണ്ണൂർ ഗവ. പോളിടെക്‌നിക് കോളജ്, എൻസിസി ജൂനിയർ വിഭാഗത്തിൽ ആർമി പബ്ലിക് സ്‌കൂൾ, എസ്പിസി വിഭാഗത്തിൽ കൂടാളി എച്ച്എസ്എസ്, സകൗട്ട് വിഭാഗത്തിൽ സെൻറ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസ്, ഗൈഡ്‌സ് വിഭാഗത്തിൽ എസ്എൻ ട്രസ്റ്റ് എച്ച്എസ്എസ് തോട്ടട, ജൂനിയർ റെഡ് ക്രോസ് ബോയ്‌സ് വിഭാഗത്തിൽ കാടാച്ചിറ എച്ച്എസ്എസ്, ജൂനിയർ റെഡ് ക്രോസ് ഗേൾസ് വിഭാഗത്തിൽ ജിവിഎച്ച്എസ്എസ് പയ്യാമ്പലം എന്നിവർ മികച്ച പ്ലാറ്റൂണുകൾക്കുള്ള ട്രോഫി കരസ്ഥമാക്കി. മികച്ച പ്ലാറ്റൂണുകൾക്കും മികച്ച വ്യക്തിഗത പ്രകടനം കാഴ്ചവെച്ചവർക്കും മന്ത്രി ഉപഹാരം നൽകി. തുടർന്ന് ജില്ലയിലെ സംഗീത അധ്യാപകർ അവതരിപ്പിച്ച ദേശഭക്തി ഗാനാലാപനവും അരങ്ങേറി.