കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ഓണം കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേള തുടങ്ങി. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ നടക്കുന്ന മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. കൈത്തറി വസ്ത്രങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ പി.എസ് കലാവതിക്ക് കൈത്തറി വസ്ത്രം നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. ‘ബ്രാന്‍ഡ് വയനാട്’ ചെറുകിട വ്യവസായ യൂണിറ്റുകളുടെ ഉല്‍പ്പന്ന വിപണന മേളയുടെ ഫ്ളാഗ് ഓഫ് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍വ്വഹിച്ചു. ഉല്‍പ്പന്ന വിപണന മേളയുടെ വിതരണോദ്ഘാടനം കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി നിര്‍വ്വഹിച്ചു.
ജില്ലാ-താലൂക്ക് കേന്ദ്രങ്ങളില്‍ ആഗസ്റ്റ് 22 വരെയാണ് മൊബൈല്‍ കൈത്തറി വസ്ത്ര വിപണന മേള നടക്കുക. വയനാട്, തിരുവനന്തപുരം ജില്ലകളിലെ കൈത്തറി നെയ്ത്ത് സംഘങ്ങളുടെയും ഹാന്‍ടെക്സിന്റേയും സാരികള്‍, സെറ്റ് സാരികള്‍, സെറ്റ് മുണ്ടുകള്‍, ബെഡ് ഷീറ്റുകള്‍, ഷര്‍ട്ടിംഗ്, ചുരിദാര്‍ മെറ്റീരിയലുകള്‍, ധോത്തികള്‍, തോര്‍ത്തുകള്‍ തുടങ്ങിയ കൈത്തറി വസ്ത്രങ്ങള്‍ 20 ശതമാനം ഗവ. റിബേറ്റോടെ മേളയില്‍ ലഭിക്കും. ഹാന്‍ടെക്സ് തുണിത്തരങ്ങള്‍ക്ക് സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് സൗകര്യവും ലഭിക്കും. വയനാട് ഹാന്റ്ലൂം പവര്‍ലൂം ആന്റ് മള്‍ട്ടി പര്‍പ്പസ് വ്യവസായ സഹകരണ സംഘം, തൃശ്ശിലേരി സഹകരണ സംഘം, എള്ളുമന്ദം വി.എസ് ഹാന്റ്ലൂം, കല്‍പ്പറ്റ ഹാന്‍ടെക്സ് ഡിപ്പോ, തിരുവനന്തപുരം കേരള വനിത ഹാന്റ്ലൂം സഹകരണ സംഘം എന്നീ കൈത്തറി യൂണിറ്റുകളും മേളയില്‍ പങ്കെടുക്കുന്നു. മേളയുടെ ഭാഗമായി സഞ്ചരിക്കുന്ന മൊബൈല്‍ പ്രദര്‍ശന വിപണന മേളയും നടക്കും.
കല്‍പ്പറ്റ നഗരസഭാ കൗണ്‍സിലര്‍ ടി. മണി, ജില്ലാ വ്യവസായ കേന്ദ്രം അസി. ഡയറക്ടര്‍ അഖില.സി. ഉദയന്‍, മാനേജര്‍മാരായ കെ. രാകേഷ് കുമാര്‍, ജി. വിനോദ്, സീനിയര്‍ സൂപ്രണ്ട് വി. അവൂട്ടി, എ.ഡി.ഒമാരായ എന്‍. അയ്യപ്പന്‍, ആര്‍. അതുല്‍, എസ്. പ്രിയ തുടങ്ങിയവര്‍ പങ്കെടുത്തു.