മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തിയ വയനാട് ജില്ലയിലെ വൈദ്യുതി ഉപഭോക്താക്കളുടെ സംഗമം ഏറെ ശ്രദ്ധേയമായി. വൈദ്യുതി കണക്ഷനായുള്ള അപേക്ഷ നല്‍കുന്നത് മുതലുള്ള എല്ലാ നിയമ വശങ്ങളും വിശദീകരിച്ചതോടൊപ്പം ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടിയും നല്‍കി. കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന ഉപഭോക്തൃ ശാക്തീകരണ പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ സഹകരണത്തോടെയാണ് സംഗമം സംഘടിപ്പിച്ചത്. കെ.എസ്.ഇ.ആര്‍.സി അംഗം അഡ്വ. എ.ജെ വില്‍സണ്‍ സംഗമം ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്. നഗര ഗ്രാമ പ്രദേശങ്ങളിലായി ഗാര്‍ഹിക-വാണിജ്യ ഉപഭോക്താക്കള്‍ ഉള്‍പ്പെടെ ഒരു കോടിയിലധികം ഉപഭോക്താക്കളാണ് കെ.എസ്.ഇ.ബി.ക്കുള്ളത്. ഉപഭോക്താക്കളുടെ പരാതിയില്‍ നിയമ-സാങ്കേതിക തടസങ്ങളുന്നയിക്കുന്നതിന് പകരം മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് കെ.എസ്.ഇ.ആര്‍.സി അംഗം അഡ്വ. എ.ജെ വില്‍സണ്‍ പറഞ്ഞു. ഇന്ത്യയില്‍ വൈദ്യുതി മേഖല പ്രതിസന്ധിയിലാണ്. ഇറക്കുമതി കല്‍ക്കരി ഉപയോഗിക്കേണ്ടി വരുന്നത് ഉത്പാദന ചെലവ് ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനംമൂലം 43 ശതമാനം മഴ ഈ വര്‍ഷം കുറവാണ്. ഇതും കാര്യമായ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്

ഉപഭോക്താക്കളുടെമേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കാതെയുള്ള നടപടികളാണ് കമ്മീഷന്‍ സ്വീകരിച്ചുവരുന്നത്. ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ സംബന്ധിച്ച പരാതികള്‍ ആദ്യ ഘട്ടത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം. പരിഹാരമായില്ലെങ്കില്‍ മേലുദ്യോഗസ്ഥര്‍ക്കും കണ്‍സ്യൂമര്‍ ഗ്രീവന്‍സ് റീഡ്രസല്‍ ഫോറം (സി.ജി.ആര്‍.എഫ്), വൈദ്യുതി വകുപ്പ് ഓംബുഡ്സ്മാന്‍ എന്നിവര്‍ക്ക് നല്‍കാം. കേരളത്തില്‍ കൊട്ടാരക്കര, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് സി.ജി.ആര്‍.എഫ്. കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സി.ജി.ആര്‍.എഫ്-ല്‍ പരാതി ലഭിച്ചാല്‍ രണ്ട് മാസത്തിനകം തീര്‍പ്പ് കല്‍പ്പിക്കണം. ഇതില്‍ ആക്ഷേപമുണ്ടെങ്കില്‍ പതിനഞ്ച് ദിവസത്തിനകം പുന:പരിശോധന ഹരജി നല്‍കാവുന്നതാണ്. ഇതില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കും. ഓംബുഡ്സ്മാന് ലഭിക്കുന്ന പരാതികളില്‍ മൂന്ന് മാസത്തിനകവും തീര്‍പ്പ് കല്‍പ്പിക്കും.

സുരക്ഷാ മുന്‍കരുതല്‍ നിര്‍ബന്ധം

വൈദ്യുതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവരും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഇന്ത്യയില്‍ ഒരു ദിവസം 19 പേര്‍ വൈദ്യുതി അപകടം മൂലം മരിക്കുന്നുണ്ട്. കേരളത്തില്‍ മൂന്ന് ദിവസത്തില്‍ ഒരാള്‍ വീതവും മരണപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.

പരാതികള്‍ക്ക് പരിഹാരം

വര്‍ഷങ്ങളായി പടിഞ്ഞാറത്തറയിലെ മൗണ്ടയിന്‍ ഷാഡൊ റിസോര്‍ട്ടില്‍ വൈദ്യുതി ലഭിക്കാത്തത് സംബന്ധിച്ച പരാതിയില്‍ അടിയന്തരമായി പരിഹാരം കാണാന്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വനം വകുപ്പാണ് വൈദ്യുതി നല്‍കുന്നതിന് തടസം നില്‍ക്കുന്നത്. ഇത് കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണുമെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. ടാറിംഗ് പൂര്‍ത്തിയാകുന്നതുവരെ റോഡുകളിലെ വൈദ്യുതി കാലുകള്‍ റോഡ് സൈഡിലേക്ക് മാറ്റാതിരിക്കുകയും ടാറിംഗ് പൂര്‍ത്തിയായ ശേഷം വീണ്ടും പൊളിച്ച് വൈദ്യുതി കാലുകള്‍ മാറ്റുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. വോള്‍ട്ടേജ് കുറവ്, ഹൈ വോള്‍ട്ടേജ്, ഇടക്കിടെയുള്ള വൈദ്യുതി തടസം, ഓണ്‍ഗ്രിഡ് സംവിധാനത്തില്‍ സോളാര്‍ സ്ഥാപിച്ചവര്‍ക്ക് ബില്‍ കുറയുന്നില്ല, ത്രീഫേസ് കണക്ഷന്‍ നല്‍കുന്നതിലെ കാലതാമസം തുടങ്ങിയ പരാതികളില്‍ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ ഉറപ്പ് നല്‍കി. വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട ജില്ലയുടെ പൊതുവായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികളുണ്ടാകുമെന്നും കമ്മീഷന്‍ അംഗം പറഞ്ഞു. കാട്ടിക്കുളം ഭാഗത്ത് ഇടക്കിടെ വൈദ്യുതി മുടങ്ങുന്നതിന് ശാശ്വത പരിഹാരം എന്ന നിലയില്‍ കവേര്‍ഡ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. രണ്ട് മാസത്തിലൊരിക്കല്‍ റീഡിംഗ് എടുക്കുന്നതുകൊണ്ട് കൂടുതല്‍ തുക വൈദ്യുതി ചാര്‍ജ്ജായി നല്‍കേണ്ടി വരുമെന്ന കൂടുതല്‍ ഉപഭോക്താക്കള്‍ ഉന്നയിച്ച സംശയം അടിസ്ഥാന രഹിതമാണെന്ന് അധികൃതര്‍ മറുപടി നല്‍കി.
കെ.എസ്.ഇ.ആര്‍.സി സെക്രട്ടറി സി.ആര്‍ സതീഷ് ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. കംപ്ലയിന്‍സ് എക്സാമിനര്‍ ടി.ആര്‍ ഭൂവനേന്ദ്ര പ്രസാദ് അധ്യക്ഷനായി. കണ്‍സ്യൂമര്‍ അഡ്വക്കസി ബി. ശ്രീകുമാര്‍, സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഓംബുഡ്സ്മാന്‍ എ.സി.കെ. നായര്‍ തുടങ്ങിയവര്‍ ക്ലാസ്സെടുത്തു. പി.ആര്‍.കണ്‍സള്‍ട്ടന്റ് ടി.എ. ഷൈന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, കെ.എസ്.ഇ.ബി. ജീവനക്കാര്‍, വൈദ്യുതി ഉപഭോക്താക്കള്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ.ബി പ്രശാന്ത്, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സന്തോഷ് പി. അബ്രഹാം എന്നിവര്‍ മറുപടി നല്‍കി.