മണ്ണിന്റെ തുടിപ്പറിയുന്ന കർഷകർക്കൊപ്പം ചേറ്റിൽ നിറഞ്ഞാടി ചെറുതാഴം ഗ്രാമപഞ്ചായത്തിന്റെ കർഷകദിനാഘോഷം. ചിങ്ങപ്പുലരിയിൽ ചെറുതാഴം ഓക്രവയലിൽ കന്നുപൂട്ടിയും, വിത്തു വിതച്ചും കായിക മത്സരങ്ങൾ നടത്തിയും കർഷക ദിനാഘോഷം വേറിട്ടതാക്കി. കർഷക ദിനാചരണത്തിന്റെയും പഞ്ചായത്ത് നടപ്പാക്കുന്ന ഹരിതം ചെറുതാഴം പദ്ധതിയുടെയും ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിച്ചു.
കന്നുപൂട്ടിയും കപ്പയും മീനും കഴിച്ചും അവർ കർഷകർക്കൊപ്പം ചേർന്നു. കാർഷിക മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച പഞ്ചായത്തിലെ മുതിർന്ന കർഷകൻ കീനേരി കുമാരൻ, കുട്ടി കർഷക ബേബി ആവണി, വിലക്രിയൻ ചന്ദ്രൻ, കെ കെ വി രാജൻ, മനിയേരി പത്മിനി, പി വി ഉണ്ണി പുത്തരിപ്പുറം, കെ വി ബാലകൃഷ്ണൻ എന്നിവരെയും മൂലയിൽ കർഷക ഗ്രൂപ്പിനെയും ആദരിച്ചു.
നെല്ല്, പച്ചക്കറി, കുരുമുളക്, വാഴ, മഞ്ഞൾ, തെങ്ങ്, പശുവളർത്തൽ തുടങ്ങി വൈവിദ്ധ്യമാർന്ന കാർഷികമേഖലകളിൽ സജീവമായ ചെറുതാഴം പഞ്ചായത്തിന്റെ സമഗ്ര കാർഷിക വികസനം ലക്ഷ്യമിട്ടുകൊണ്ടാണ് ഹരിതം ചെറുതാഴം പദ്ധതി നടപ്പാക്കുക. പഞ്ചായത്തിലെ മുഴുവൻ പേരെയും കൃഷിയിലേക്കിറക്കുകയാണ് ലക്ഷ്യം. പഞ്ചായത്ത് കൃഷി ഭവന്റെ പിന്തുണയോടെയാണ് പദ്ധതി
നടപ്പാക്കുക.

ചെറുതാഴം ഓക്രവയലിൽ കൈ കൊട്ടിക്കളി, വിവിധ കലാകായിക മത്സരങ്ങൾ എന്നിവയും നടന്നു. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി പി രോഹിണി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി വി ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് ആസൂത്രണ സമിതിയംഗം എം വി രാജീവൻ, കല്യാശ്ശേരി ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ എ വി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ എം ശോഭ, കൃഷി ഓഫീസർ ജയരാജൻ നായർ, അസി. കൃഷി ഓഫീസർ ശശി പോരയിൽ, കല്യാശ്ശേരി ബ്ലോക്ക് കൃഷി അസി.ഡയറക്ടർ ബി സുഷ, പഞ്ചായത്ത് സെക്രട്ടറി പി കെ പ്രേമൻ, ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.