ജീവിതശൈലീ രോഗങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ എല്ലാവരിലും യോഗ ശീലമാക്കുക എന്ന ലക്ഷ്യവുമായി എരഞ്ഞോളി ഗ്രാമപഞ്ചായത്ത് യോഗപരിശീലനം നൽകുന്നു. നാഷണൽ ആയുഷ് മിഷനും ഗ്രാമപഞ്ചായത്തും ചേർന്നാണ് സൗജന്യ യോഗാ പരിശീലനം തുടങ്ങിയത്. ഗ്രാമപഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്റർ ആയി ഉയർത്തുന്നതിന്റെ ഭാഗമായാണിത്. യോഗ പരിശീലനത്തിനായി നാഷണൽ ആയുഷ് മിഷൻ ഒരു ഇൻസ്ട്രക്ടറെ നിയമിച്ചിട്ടുണ്ട്. ആയുർവേദ ഡിസ്പെൻസറിയിയിലും പഞ്ചായത്തിന്റെ വിവിധ വാർഡുകൾ കേന്ദ്രീകരിച്ചും ക്ലാസുകൾ ലഭ്യമാക്കുന്നു.

എട്ട് മുതൽ 65 വയസ്സ് വരെയുള്ളവരാണ് യോഗ പരിശീലിക്കുന്നത്. ആയുർവേദ ഡിസ്പെൻസറിയിൽ രണ്ട് ബാച്ചുകളാണ് ഉള്ളത്. നിലവിൽ ഒന്നാമത്തെ ബാച്ചിൽ 35 പേരും രണ്ടാമത്തേതിൽ 24 പേരുമാണ് ഉള്ളത്. രാവിലെ 9.30 മുതൽ 10.30 വരെ ആദ്യത്തെ ബാച്ചും 10.30 മുതൽ 11.30 വരെ അടുത്ത ബാച്ചും പരിശീലനം നേടുന്നു. രണ്ടാമത്തെ ബാച്ചിൽ സ്ത്രീകൾ മാത്രമാണ് ഉള്ളത്. ഇതിന് പുറമെ ജീവിതശൈലി രോഗങ്ങളെ അടിസ്ഥാനമാക്കി വിവിധ ദിവസങ്ങളിൽ എത്തിച്ചേരുന്ന പ്രത്യേക ബാച്ചും ഉണ്ട്. 150ലേറെ പേർ ഇതുവരെ പരിശീലനം നേടി.

ആറാമത്തെ ബാച്ച് ചോനാടം കതിരൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. എട്ട് മുതൽ 18 വരെ വയസ്സുള്ള കുട്ടികൾക്കായി ഞായറാഴ്ചകളിൽ യോഗ ഡാൻസും യോഗ പ്രത്യേക ബാച്ചും സംഘടിപ്പിക്കുണ്ട്. സി രേഷ്മയാണ് യോഗ ഇൻസ്ട്രക്ടർ.
നിലവിൽ ഗവ. ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്റർ ആയി ഉയർത്തി കഴിഞ്ഞു. അങ്കണവാടി മുതൽ സ്‌കൂൾ തലത്തിൽ വരെ യോഗ വ്യാപിപ്പിക്കാൻ പഞ്ചായത്ത് ആലോചനയുണ്ട്. ഈ വർഷം തന്നെ അത് തുടങ്ങാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് പ്രസിഡണ്ട് എം പി ശ്രീഷ പറഞ്ഞു.