550 ഏക്കറില്‍ കൃഷി, ലക്ഷ്യം 1500 ടണ്‍ നെല്ല്

കൊച്ചി: ഹരിതകേരളം മിഷന് കീഴില്‍ തോട്ടറപ്പുഞ്ച ഇക്കൊല്ലവും നീരണിയുന്നു. കൊച്ചി രാജ്യത്തിന്റെ നെല്ലറയായി അറിയപ്പെട്ടിരുന്ന തോട്ടറയില്‍ ഇക്കുറി 550 ഏക്കറില്‍ കൃഷിയിറക്കി 1500 ടണ്‍ നെല്ലിന്റെ വിളവെടുപ്പാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നതെന്ന് ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. വിളവെടുക്കുന്ന നെല്ല് സംസ്‌കരിച്ച് അരിയാക്കി തോട്ടറ ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കും. ഇതിനുള്ള മില്ല് 40 ലക്ഷം രൂപ മുതല്‍മുടക്കില്‍ തോട്ടറ മേഖലയില്‍ സ്ഥാപിക്കും. കുടുംബശ്രീയ്ക്കാണ് മില്ല് നടത്തിപ്പിന്റെ ചുമതല.

എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍, കോട്ടയം ജില്ലയിലെ വെള്ളൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന തോട്ടറപ്പുഞ്ചയ്ക്ക് 1200 ഏക്കറോളമാണ് വിസ്തൃതി. ദീര്‍ഘകാലമായി തരിശിട്ടിരുന്ന പാടങ്ങളില്‍ വീണ്ടും കൃഷിയിറക്കാനുള്ള ശ്രമം തുടങ്ങിയത് 2015ലാണ്. കൃഷി, ജലസേചന വകുപ്പുകളും പാടശേഖര സമിതികളും കൈകോര്‍ത്തതോടെ 150 ഏക്കറില്‍ വിത്തിറക്കാനായി. കഴിഞ്ഞ വര്‍ഷം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള തന്നെ മുന്നിട്ടിറങ്ങി വകുപ്പുകളെ ഏകോപിപ്പിച്ചു. കനാലുകളും തോടുകളും പുനരുജ്ജീവിപ്പിച്ചും മറ്റ് അടിസ്ഥാനസൗകര്യങ്ങളൊരുക്കിയും ജില്ലാ ഭരണകൂടം രംഗത്തിറങ്ങിയതോടെ 350 ഏക്കറിലാണ് വിത്തിറക്കി വിളവെടുക്കനായത്.

എടക്കാട്ടുവയല്‍ പഞ്ചായത്തിലെ കൈപ്പട്ടൂര്‍, തോട്ടറ, അയ്യക്കുന്നം ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മനക്കത്താഴം, കുന്നംകുളം, തോട്ടറ, തൊള്ളിക്കരി, വിരിപ്പച്ചാല്‍, കണ്ണങ്കേരി എന്നീ ഒമ്പത് പാടശേഖരങ്ങളാണ് വിത്തിറക്കലിന് സജ്ജമാകുന്നത്. കൃഷി, ജലസേചന വകുപ്പുകള്‍ക്ക് പുറമെ എടക്കാട്ടുവയല്‍, ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തുകള്‍, കേരള ലാന്‍ഡ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍, വൈദ്യുതി ബോര്‍ഡ് എന്നിവയും കര്‍ഷകര്‍ക്ക് വേണ്ട സഹായം നല്‍കും. 550 ഏക്കറില്‍ നിന്നും വിളെവടുക്കുന്ന 1500 ടണ്‍ നെല്ല് സംസ്‌കരിച്ച് തോട്ടറ ബ്രാന്‍ഡില്‍ 300 ടണ്‍ അരി വിപണിയിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.

ഡിസംബര്‍ ആദ്യവാരം വിത്തിറക്കുന്നതിന് മുന്നോടിയായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തോട്ടറപ്പുഞ്ചയില്‍ അന്തിമഘട്ടത്തിലാണ്. കനാലുകള്‍ വൃത്തിയാക്കി ജലസേചന സൗകര്യം ഉറപ്പാക്കിയതിന് പിന്നാലെ വിത്തിറക്കലിന് ഭൂമി സജ്ജമാക്കുന്നതും മുന്നേറുന്നു. ഏപ്രില്‍ അവസാനവാരമാണ് വിളവെടുപ്പ്. 11 കിലോമീറ്റര്‍ കനാലാണ് മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ഇതിനകം വൃത്തിയാക്കിയത്. ഒമ്പത് കിലോമീറ്ററോളം വരുന്ന സബ് കനാലുകളും നീരൊഴുക്കിന് സജ്ജമായി. ഒലിപ്പുറം, പുലിമുഖം സ്ലൂയിസുകളില്‍ ഇന്ന് മുതല്‍ പമ്പിംഗ് തുടങ്ങുമെന്ന് മൈനര്‍ ഇറിഗേഷന്‍ അധികൃതര്‍ പറഞ്ഞു.

തോട്ടറയിലെ നെല്ല് സംസ്‌കരിക്കുന്നതിനുള്ള മില്ല് സ്ഥാപിക്കുന്നതിനായി 40 ലക്ഷം രൂപയാണ് കുടുംബശ്രീയ്ക്ക് അനുവദിച്ചത്. മില്ല് ഉടനെ പ്രവര്‍ത്തനസജ്ജമാകും. കര്‍ഷകര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്നതിനായി ആത്മ(അഗ്രിക്കള്‍ച്ചര്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി)യുടെ ആഭിമുഖ്യത്തിലുള്ള പ്രത്യേക പരിപാടി നാളെ എടക്കാട്ടുവയലില്‍ നടക്കും.