അവസരങ്ങള്‍ കണ്ടെത്തിയും അവസരങ്ങളിലേക്കുള്ള വാതിലുകള്‍ തുറന്നിട്ടും ഒരു പുതിയ തൊഴില്‍ സംസ്‌കാരത്തിലേക്ക് കേരളത്തെ എത്തിക്കുക എന്ന നിലപാടുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎല്‍എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്മാര്‍ട്ട് കുറ്റ്യാടിയുടെ ആഭിമുഖ്യത്തില്‍ മേമുണ്ട ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ സംഘടിപ്പിച്ച മെഗാ തൊഴില്‍മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉന്നത വിദ്യാഭ്യാസമേഖലയെ തൊഴിലുമായി ബന്ധപ്പെടുത്തുന്ന തരത്തിലുള്ള മാറ്റം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എല്ലാവരും ചേര്‍ന്ന് പരിശ്രമിച്ചാൽ വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ എത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും കേരളം ഉയര്‍ന്ന നിലവാരമാണ് പുലര്‍ത്തുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലെ തൊഴില്‍ സങ്കല്‍പ്പത്തിലും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പുതുതലമുറയിലെ സങ്കല്‍പ്പ മാറ്റത്തിന് ഉതകുന്ന തരത്തില്‍ കഴിവുകളുള്ള ഒരു സമൂഹത്തെ പാകപ്പെടുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു. സംതൃപ്തരായ ഒരു യുവതയെ സമൂഹത്തിന്റെ പുനര്‍നിര്‍മ്മിതിക്കായി സൃഷ്ടിക്കും വിധത്തിലുള്ള ശാക്തീകരണത്തിന്റെ കേന്ദ്രമായി തൊഴില്‍മേള മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എം ലീന, വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ബിജുള, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഒ.ടി. നഫീസ, ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കാട്ടില്‍ മൊയ്തു മാസ്റ്റര്‍, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ജ്യോതിലക്ഷ്മി, കുടുംബശ്രീ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ റഫ്സീന എം.പി, സ്മാര്‍ട്ട് കുറ്റ്യാടി കണ്‍വീനര്‍ പി.കെ.അശോകന്‍ മാസ്റ്റര്‍, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ എന്നിവര്‍ സംസാരിച്ചു.