ഈ വർഷത്തെ ഓണസമ്മാനമായി സരോവരം ബയോപാർക്ക് നവീകരണത്തിന് 2.19 കോടി രൂപ സർക്കാർ പ്രഖ്യാപിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് നഗരം ദീപാലംകൃതമാക്കുന്നതിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്തവണത്തെ ഓണാഘോഷം വളരെ നല്ല രീതിയിൽ സംഘടിപ്പിക്കണം എന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സാധ്യമാകുന്ന എല്ലാ കാര്യങ്ങളും നടപ്പിലാക്കി മുന്നോട്ടു പോകാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

രണ്ടുമാസത്തെ ക്ഷേമപെൻഷനായി 1800 കോടി രൂപയാണ് സംസ്ഥാനത്ത് സർക്കാർ നൽകുന്നത്. 60 ലക്ഷത്തോളം പേർക്ക് 3200രൂപ വീതം ഈ രണ്ട് മാസം ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകതയെന്നും മന്ത്രി പറഞ്ഞു. 13 ലക്ഷം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ബോണസിനും ഉത്സവബത്തക്കും അഡ്വാൻസിനുമായി 630 കോടി രൂപയാണ് ഓണക്കാലത്ത് സംസ്ഥാന സർക്കാർ നീക്കി വെച്ചിട്ടുള്ളത്. ഒരു ലക്ഷത്തിൽ പരം ജീവനക്കാർക്ക് 4000 രൂപ വീതം ബോണസ് നൽകുന്നുണ്ട്.
ഇതിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്ത 2750 രൂപ നൽകും. കൈത്തറി തൊഴിലാളികളുടെ യൂണിഫോം പദ്ധതിയിൽ 25 കോടി രൂപയാണ് നൽകിയത്.

കാഷ്യു ബോർഡിന് 43 കോടി രൂപ നീക്കി വെച്ചു. കെ എസ് ആർ ടി സി ക്ക് ഈ ഓണക്കാലത്ത് 30 കോടിരൂപയും പെൻഷനായി 70 കോടിയും ശമ്പളത്തിനായി 40 കോടി നേരത്തെ നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

സ്കൂൾ പാചക തൊഴിലാളികൾക്ക് ശമ്പളത്തിന് 50 കോടി രൂപ നീക്കിവെച്ചു.തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആയിരം രൂപ വീതം നൽകാൻ 46 കോടി രൂപയാണ് സംസ്ഥാനത്ത് നീക്കിവെച്ചതെന്നും മന്ത്രി പറഞ്ഞു. ലോട്ടറി മേഖലയിൽ ബോണസായി 24കോടി രൂപയാണ് സർക്കാർ നൽകിയിട്ടുള്ളത്. ലോട്ടറി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് 6000 രൂപ ബോണസും പെൻഷൻകാർക്ക് 2000 രൂപ ഉത്സവബത്തയും ഈ ഓണക്കാലത്ത് നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

വിരമിച്ചവർക്ക് പ്രത്യേക ഉത്സവബത്ത ആയിരം രൂപയും ഓണം അഡ്വാൻസ് 20000 രൂപയുമാണ് നൽകുന്നത്. പൂട്ടി കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് 2000 രൂപയും ഓണക്കിറ്റും നൽകുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായി. പി ടി എ റഹീം എം എൽ എ, വാർഡ് കൗൺസിലർ എസ് കെ അബൂബക്കർ, അസി. കലക്ടർ പ്രതീക് ജെയിൻ, എഡിഎം സി. മുഹമ്മദ് റഫീഖ്, സിറ്റി ഡി സി പി കെ ഇ ബൈജു, മുൻ മേയർ ടി പി ദാസൻ, വിവിധ സബ് കമ്മിറ്റി ചെയർമാൻന്മാർ, കൺവീനർമാർ തുടങ്ങിയവർ പങ്കെടുത്തു. സബ് കലക്ടർ വി ചെൽസാസിനി സ്വാഗതവും സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ നന്ദിയും പറഞ്ഞു.

ഓണാഘോഷത്തോടനുബന്ധിച്ച് കോർപ്പറേഷൻ പരിധിയിലെ സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളും റസിഡൻസ് അസോസിയേഷനുകളും വിനോദ സഞ്ചാര കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളുമെല്ലാം പ്രകാശപൂരിതമാകും. ഓണാഘോഷത്തിന്റെ ഭാഗമായി റസിഡൻഷ്യൽ കലോത്സവം ആഗസ്റ്റ് 25 ന് ബീച്ചിൽ നടക്കും. ആഗസ്റ്റ് 26 ന് ജൂബിലി ഹാളിൽ പൂക്കള മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ചിത്രകാരന്മാരുടെ, ക്യാമ്പ്, സാഹിത്യ കൂട്ടായ്മ എന്നിവയും ഓണാഘോഷത്തിന്റെ ഭാഗമായി നടക്കും. നഗരത്തിന്റെ ഏഴ് പ്രധാന വേദികളിലായി നടക്കുന്ന ഓണാഘോഷത്തിൽ ഗസൽ, നാടകം, കായിക മത്സരങ്ങൾ, ശാസ്ത്രീയ സംഗീതം, നാടൻ കലാരൂപങ്ങൾ, ബാൻഡ് പെർഫോമൻസുകൾ എന്നിവ ഉണ്ടായിരിക്കും. സെപ്റ്റംബർ ഒന്ന്,രണ്ട്, മൂന്ന് തിയ്യതികളിൽ കോഴിക്കോട് ഫ്രീഡം സ്ക്വയറിലും ബേപ്പൂരിലും ഓണാഘോഷ പരിപാടികളുണ്ടാകും. ഭട്ട് റോഡ്, കുറ്റിച്ചിറ, തളി എന്നിവിടങ്ങളിൽ സെപ്റ്റംബർ 2,3 തിയ്യതികളിൽ വിവിധ പരിപാടികൾ നടക്കും.