ജില്ലയില്‍ വിദ്യാഭാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഓണചന്തകള്‍, മറ്റ് സ്ഥാപനങ്ങള്‍, സംഘടനകള്‍, ക്ലബുകള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തുന്ന ഓണാഘോഷ പരിപാടികളിലും മേളകകളിലും ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് പറഞ്ഞു.
പരിപാടികളില്‍ ഉണ്ടാകുന്ന അജൈവ മാലിന്യങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം മുഖാന്തരം ശേഖരിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണം. ജൈവ മാലിന്യം ഉറവിടത്തിലോ/ കമ്യൂണിറ്റി കംപോസ്റ്റിങ് യൂണിറ്റിലോ സംസ്‌കരിക്കുന്നതിനുള്ള സംവിധാനം ഉറപ്പാക്കണം. നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, ഡിസ്പോസിബിള്‍ ഗ്ലാസ്, മറ്റ് പാക്കിങ് കവറുകള്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല. ഇതിനു വിരുദ്ധമായി ഇവ ഉപയോഗിച്ചാല്‍ ബന്ധപ്പെട്ട ഓഫീസ് മേലധികാരികള്‍/ സ്ഥാപന ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും 10,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴ ഈടാക്കുമെന്നും കളക്ടര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലാതലത്തിലും തദ്ദേശ സ്ഥാപന തലത്തിലും മാലിന്യ സംസ്‌കരണ സ്‌ക്വാഡിന്റെ പരിശോധന നടത്തും.