പാലക്കാട്: കേരളത്തിലെ പൊതുവിദ്യാലയ കേന്ദ്രങ്ങളിലെ ആദ്യ നീന്തല്‍ പരിശീലന കുളം ഇനി താനിക്കുന്ന് എല്‍.പി സ്‌കൂളിന് സ്വന്തം. അധ്യാപകരും രക്ഷിതാക്കളും നാട്ടുക്കാരും പൂര്‍വവിദ്യാര്‍ഥികളുടെയടക്കം സഹായത്താല്‍ വന്‍ ജനപങ്കാളിത്തത്തോടെയാണ് കുളം നിര്‍മിച്ചത്. ഉദ്ഘാടനത്തിനെത്തിയ മന്ത്രിയെ കുരുന്നകള്‍ വരവേറ്റത് മയില്‍പ്പീലി തണ്ടുകള്‍ നല്‍കിയാണ്. തീര്‍ത്തും ഔപചാരികത ഇല്ലാതെ കുട്ടികളോട് അനുവാദം ചോദിച്ചാണ് മന്ത്രി സി. രവീന്ദ്രനാഥ് നീന്തല്‍ക്കുളം നാടിന് സമര്‍പ്പിച്ചു. പ്രളയക്കാലത്ത് ഒട്ടെറെ പേര്‍ക്ക് നീന്തലറിയാത്തത് വെല്ലുവിളിയായ സാഹചര്യത്തില്‍ ഇനിയുമുണ്ടാകുന്ന ദുരന്തങ്ങളെ നേരിടാന്‍ വരും തലമുറയെ പ്രാപ്തരാക്കുകയെന്നതാണ് ഈ നീന്തല്‍ പരിശീലനത്താല്‍ അര്‍ഥമാക്കുന്നത്. സംസ്ഥാനത്തിനാകെ താനികുന്ന് എല്‍.പി സ്‌കൂള്‍ മാതൃകയാണെന്നും പദ്ധതിക്ക്് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും മന്ത്രി അഭിനന്ദിച്ചു. കേരളത്തിലെ മുഴുവന്‍ നിയോജക മണ്ഡലത്തിലും രണ്ടു വര്‍ഷത്തിനകം ഒരു നീന്തല്‍ക്കുളം നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ ജി്ല്ലാ അമച്വര്‍ അത്ലറ്റിക് മീറ്റ് ചാമ്പ്യന്മാരായ കെ. ആകാശ്, വി.സി അശ്വിന്‍, പി.കെ വിമല്‍ എന്നിവരെ അനുമോദിച്ചു.

സാധാരണക്കാരായ തൊഴിലാളികളോടൊപ്പം അധ്യാപകരും രക്ഷിതാക്കളുമെല്ലാം ചേര്‍ന്ന് നാലര ലക്ഷത്തോളം ചെലവാക്കിയാണ് കുളം നിര്‍മിച്ചത്. തങ്ങളുടെ തൊഴില്‍ സമയത്തിനു ശേഷം രാത്രി ഏറെ വൈകി ജോലി ചെയ്താണ് കുളം നിര്‍മാണം പൂര്‍ത്തിയാക്കിയത്. കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും വേണ്ടി സൗജന്യമായി നീന്തല്‍ പരിശീലിക്കുന്നതിനുള്ള സൗകര്യം ഒരു പൊതുവിദ്യാലയത്തില്‍ ഉണ്ടാകുന്നത് ഇതാദ്യമാണ്. എല്ലാവര്‍ക്കും നീന്തലറിയാവുന്ന നാടായി കേരളത്തിന് വളരാന്‍ കഴിയുന്നതിന് പ്രചോദനമാവുന്ന എന്ന ലക്ഷ്യമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. മഴക്കാലത്ത് ലഭ്യമാവുന്ന മഴവെള്ളം സംഭരിച്ചാണ് താനിക്കുന്നിലെ നീന്തല്‍കുളത്തിന് ഉപയോഗിക്കുന്നത്. വെള്ളം ചീത്തയാവുമ്പോള്‍ കൂടെക്കൂടെ പുതുവെള്ളം ശേഖരിക്കാന്‍ ഇതിലൂടെ കഴിയും. നീന്തല്‍ പഠനം മഴക്കാലത്തു മാത്രമായി പരിമിതപ്പെടുത്തി തുടര്‍ന്ന് മീന്‍വളത്തല്‍, പൂന്തോട്ട-പച്ചക്കറി കൃഷി, കിണര്‍ റീചാര്‍ജിങ് തുടങ്ങിയ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുമെന്ന് അധ്യാപകനായ കെ.രാധാകൃഷ്ണന്‍ പറഞ്ഞു. പി. ഉണ്ണി എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ പൂക്കോട്ടുക്കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ജയദേവന്‍, ചെര്‍പ്പുള്ളശ്ശേരി എ.ഇ.ഒ എം ജയരാജന്‍, സ്വാഗതസംഘം ചെയര്‍മാന്‍ എം. ഉണ്ണികൃഷ്ണന്‍, കണ്‍വീനര്‍ ടി.മോഹനന്‍, എസ്.എം.സി ചെയര്‍മാന്‍ കെ. അശോക് കുമാര്‍, ഹെഡ്മിസ്ട്രസ് കെ.കെ. പ്രേമകുമാരി, വിദ്യാര്‍ഥികള്‍, നാട്ടുകാര്‍ എന്നിവരും പങ്കാളിയായി.